aparna shaji|
Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (10:04 IST)
സി എ വിദ്യാർത്ഥിനി
മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ക്രോണിൽ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. മിഷേലിനെ ശല്യം ചെയ്യാനും അവളെ പ്രണയിക്കാനും കാരണം അവളുടെ സൗന്ദര്യമായിരുന്നുവെന്ന് ക്രോൺ പൊലീസിന് മൊഴി നൽകി.
മിഷേൽ പെൺ സുഹൃത്തുക്കളോട് പോലും സംസാരിക്കുന്നതോ സൗഹൃദം കൂടുന്നതോ ഇയാൾക്ക് ഇഷ്ടമായിരുന്നില്ല. ക്രോണിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മിഷേൽ ഇനി തന്നെ ശല്യം ചെയ്യരുതെന്ന് വിലക്കിയിരുന്നു. എന്നാൽ, ഇത് ക്രോണിൽ കൂടുതൽ പക ഉണ്ടാക്കുകയാണ് ചെയ്തത്.
മിഷേലിനെ കൊന്നുകളയുമെന്ന് വരെ ക്രോൺ ഭീഷണിപ്പെടുത്തി. അകന്ന ബന്ധത്തിലുള്ളതാണെങ്കിലും മിഷേലിന്റെ ബന്ധുക്കൾ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് ക്രോൺ മരിക്കും മുമ്പ് മിഷേലിന്റെ ഫോണിലേക്ക് അയച്ചത്.
ഭീഷണിയെ തുടർന്ന് മിഷേൽ സമ്മർദ്ദത്തിൽ ആയിരുന്നു. താൻ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച അത് അറിയാമെന്നും മിഷേൽ ക്രോണിനോട് പറഞ്ഞിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത് ആത്മഹത്യാ സൂചന ആകാമെന്ന് പൊലീസ് കരുതുന്നു.