തിരൂരില്‍ ശിവലിംഗവും ക്ഷേത്രാവശിഷ്‌ടങ്ങളും കുഴിച്ചുമൂടി, വീണ്ടെടുക്കാന്‍ മോഡിയുടെ ഉത്തരവ്

തിരൂര്‍| VISHNU N L| Last Modified വ്യാഴം, 18 ജൂണ്‍ 2015 (15:50 IST)
സംസ്‌ഥാന പുരാവസ്‌തുവകുപ്പ്‌ കുഴിച്ചുമൂടിയ മാമാങ്ക സ്മാരകങ്ങള്‍ വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉത്തരവ്. മാമാങ്കസ്‌മാരകങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തിരുനാവായ കൊടക്കല്‍ ടൈല്‍ ഫാക്‌ടറി വളപ്പില്‍ ഉദ്‌ഖനനം നടത്തവേ കണ്ടെത്തിയ ശിവലിംഗവും ക്ഷേത്രാവശിഷ്‌ടങ്ങളുമാണ് സംസ്ഥാന പുരാവ്സ്തു വകുപ്പ് കുഴിച്ചുമൂടിയത്. ഓറല്‍ ഹിസ്‌റ്ററി റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ തിരൂര്‍ ദിനേശ്‌ ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അവ വീണ്ടെടുക്കാന്‍ ഉത്തരവ് ഇറങ്ങിയത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സൂപ്രണ്ട്‌ സി. കുമാരനാണ്‌ അന്വേഷണച്ചുമതല. സംസ്‌ഥാന പുരാവസ്‌തു വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ മലപ്പുറം ജില്ലാ കലക്‌ടറുടെ നിര്‍ദേശപ്രകാരം 2003 സെപ്‌റ്റംബര്‍ 13, 14 തീയതികളിലാണ്‌ ഉദ്‌ഖനനം നടത്തിയത്‌. ക്ഷേത്രാവശിഷ്‌ടങ്ങളും പീഠവും ശിവലിംഗവും കണ്ടെത്തിയ വിവരവും മണ്ണിട്ടുമൂടിയതും സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോട്ടില്‍ വ്യക്‌തമാക്കിയിരുന്നു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട്‌ അവഗണിച്ചു. ഇതോടെയാണ് പ്രധാനമന്ത്രിക്ക് നിവേദനവുമായി ദിനേശ്‌ രംഗത്തെത്തിയത്.

മാമാങ്കസ്‌മാരകങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപെട്ടവര്‍തന്നെ അവ കുഴിച്ചുമൂടിയ സാഹചര്യത്തില്‍ അന്വേഷണം വേണമെന്നും ക്ഷേത്രവും ഭൂഗര്‍ഭപാതയും പുനഃസ്‌ഥാപിച്ച്‌, ടൈല്‍ ഫാക്‌ടറിയുടെ മുഴുവന്‍ ഭൂമിയും സാംസ്‌ക്കാരിക പൈതൃകകേന്ദ്രമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ടൈല്‍ ഫാക്‌ടറി വളപ്പില്‍ കണ്ടെത്തിയ പുരാതനക്ഷേത്രവും ഭൂഗര്‍ഭപാതയും മാമാങ്കചരിത്രത്തിന്റെ ഭാഗമാണെന്നും നിലപാടുതറ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ യഥാര്‍ഥ നിലപാടുതറയല്ലെന്നും ദിനേശ്‌ അന്വേഷണോദ്യോഗസ്‌ഥനെ ധരിപ്പിച്ചു.
മരുന്നറ എന്ന പേരില്‍ സംരക്ഷിക്കുന്നതു മുനിയറയാണ്‌. മെഗാലിത്തിക്ക്‌ കാലഘട്ടത്തിലുള്ള മുനിയറയും മാര്‍ക്കണ്ഡേയന്റെ ജീവിതേതിഹാസവും തമ്മിലുള്ള ബന്ധം ആഴത്തില്‍ പഠിക്കണം. തിരുനാവായയെ പൈതൃക ചരിത്രഭൂമിയാക്കി സംരക്ഷിക്കണമെന്നും ദിനേശ്‌ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സൂപ്രണ്ട്‌ സി കുമാരന്‍ ഇന്നലെ രാവിലെ മാമാങ്കസ്‌മാരകങ്ങള്‍ സന്ദര്‍ശിച്ചു.

ക്ഷേത്രാവശിഷ്‌ടങ്ങള്‍ കുഴിച്ചുമൂടിയ മരുന്നറ, ചങ്ങമ്പള്ളി കളരി, പുഴക്കാമണ്ഡപം, കൂരിയാല്‍ എന്നിവിടങ്ങള്‍ പരിശോധിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിനു റിപ്പോട്ട്‌ സമര്‍പ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
കൊടക്കല്‍ ഓട്ടുകമ്പനി നിലനിന്നിരുന്ന 3.7251 ഹെക്‌ടര്‍ സ്‌ഥലം പുരാതന തളി ശിവക്ഷേത്രഭൂമിയാണെന്ന സര്‍ക്കാര്‍രേഖ തിരൂര്‍ ദിനേശ്‌ അന്വേഷണോദ്യോഗസ്‌ഥനു കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :