Rijisha M.|
Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (18:03 IST)
കേരളത്തിലെ പ്രളയക്കെടുതിക്ക് പിന്നിൽ അശാസ്‌ത്രീയമായി ഡാമുകളെല്ലാം ഒന്നിച്ച് തുറന്നുവിട്ടതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗിൽ. കേരളം സാക്ഷ്യം വഹിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തത്തിനാണ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യം വെളുപ്പെടുത്തിയത്.
അതുകൊണ്ടുതന്നെ ഈ പ്രളയക്കെടുതിക്ക് പിന്നില്‍ ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയുണ്ട്. ദീര്‍ഘകാലമായി പശ്ചിമഘട്ടത്തില്‍ പ്രവർത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ് ദുരന്തത്തിന് പിന്നിലെ പ്രധാന കാരണം. ശാസ്‌ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതെ എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടതാണ് സുരക്ഷിതമായ പല സ്ഥലങ്ങളേയും വെള്ളത്തിനടിയിലാക്കിയത്.
സംസ്ഥാനത്ത് നിലവില്‍ നിയമവിരുദ്ധമായ പല പാറമടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ നിയമവിധേയമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ദുരന്തം വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണമായി മാറും. ദുരന്തത്തിൽ തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുമ്പോൾ ശാസ്‌ത്രീയമായതും പ്രകൃതിക്ക് അനുയോജ്യമായതുമായ നിർമ്മാണപ്രവർത്തനങ്ങാൾ നടത്തണമെന്നും മാധവ് ഗാഡ്‌ഗിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.