aparna|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (09:49 IST)
കവി കുരീപ്പുഴ ശ്രീകുമാറിനെതിര നിയമനടപടിക്കൊരുങ്ങി ബിജെപി. മതവിദ്വേഷപരാതിയില്‍ കുരീപ്പുഴയ്ക്കെതിരെ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
കുരീപ്പുഴ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ബിജെപിയും ഇല്ലെന്ന് പൊലീസും തർക്കിക്കുന്നതിനിടെയിലാണ് ബിജെപിയുടെ പുതിയ നിലപാട്. കൊല്ലം കടയ്ക്കലില്‍ കൈരളീ ഗ്രന്ഥശാലാ വാര്‍ഷികത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബിജെപി പരാതി നല്‍കിയത്.
എന്നാല്‍ ആ പരാതിയില്‍ നടപടിയൊന്നും ഉണ്ടായില്ല. കുരീപ്പുഴയ്‌ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മതവിദ്വോഷം നടത്തുന്ന രീതിയിൽ കുരീപ്പുഴ പ്രസംഗിച്ചെന്നതിന് തെളിവുകൾ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
മാത്രമല്ല, കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തതിന് 15 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ
കേസെടുത്തിട്ടുമുണ്ട്.
മതവിദ്വേഷപരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ചോദ്യം ചോദിക്കുന്നവരെ കുരീപ്പുഴ എന്തിനാണ് ഭയക്കുന്നതെന്നാണ് കുമ്മനത്തിന്റെ ചോദ്യം.