കുഡ്ലു ബാങ്ക് കവര്‍ച്ച; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്| VISHNU N L| Last Updated: വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (11:29 IST)
ജില്ലയിലെ എരിയാലിലെ കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ബാങ്കിന്റെ സമീപത്തെ താമസക്കാരനും കവര്‍ച്ചയുടെ ആസൂത്രണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ആളെയുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ കസ്റ്റഡിയാണിത്. ഇതോടെ മറ്റുപ്രതികളെ പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കും.

പ്രതികളിലൊരാളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞതാണു കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ തിരിച്ചറിഞ്ഞ പ്രതിയുടെ ബന്ധുവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. കവര്‍ച്ചകേസുകളിലെ പ്രതികളുടെ ഇരുനൂറോളം ചിത്രങ്ങളില്‍നിന്നാണു ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളിലൊരാളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞത്. അന്വേഷണത്തില്‍ ഇയാള്‍ നാലുദിവസങ്ങളായി നാട്ടിലില്ലെന്ന വിവരമാണ് പൊലീസിന് കിട്ടിയിട്ടുള്ളത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സര്‍വീസ് ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ ജീവനക്കാരികളെ ബന്ദികളാക്കി 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവരുകയായിരുന്നു. ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കാര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിനിടെ ബാങ്ക് ജീവനക്കാരിയായ ബിന്ദുവിന് കൈക്ക് കുത്തേറ്റിരുന്നു.

ബാങ്കില്‍ ഇടപാടിനത്തെിയ വീട്ടമ്മയുടെ 20 പവന്‍ സ്വര്‍ണാഭരണവും വനിതാ ജീവനക്കാരിയുടെ അഞ്ചുപവന്‍ ആഭരണവും കവര്‍ച്ചാസംഘം തട്ടിയെടുത്തു. 5.15 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

ഇതിനിടെ ദേശീയ പാതയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ ഗതാഗതവകുപ്പില്‍ നിന്ന് അന്വേഷണസംഘം വാങ്ങി. കൊള്ള നടന്ന ദിവസത്തെ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :