ബിജിമോൾ എംഎൽഎ ഒളിവിലെന്ന് പൊലീസ്; തൊണ്ട തൊടാതെ വിഴുങ്ങാൻ വയ്യെന്ന് ഹൈക്കോടതി

കൊച്ചി| VISHNU N L| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (08:08 IST)
ഇടുക്കി എഡിഎമ്മിനെ ആക്രമിച്ച കേസിൽ പ്രതിയായ ഇഎസ് ബിജിമോൾ എംഎൽഎയെ പിടികൂടാത്ത പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ബിജിമോള്‍ ഒളിവിലാണെന്ന പൊലീസ് വാദം വിശ്വസനീയമല്ലെന്നും അതിനാല്‍ ക്രൈംബ്രാഞ്ചിനെ കേസ് ഏല്‍പ്പിക്കുന്നതായും കോടതി പറഞ്ഞു. എംഎൽഎ ഒളിവിലാണെന്നു പറയുന്നതു തൊണ്ട തൊടാതെ വിഴുങ്ങാൻ വയ്യെന്നായിരുന്നു കോടതിയുടെ പരാമർശം.

കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് എഡിഎം മോൻസി പി. അലക്സാണ്ടർ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ബി. കെമാൽപാഷയുടെ ഉത്തരവ്. ഹർജിക്കാരനും പ്രോസിക്യൂട്ടറും നൽകുന്ന വിശദീകരണം അനുസരിച്ച് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽ സാക്ഷിയാണെന്നു കോടതി ചൂണ്ടിക്കാട്ടി. മറ്റു പൊലീസുകാരും സാക്ഷികളാണ്. ഈ സാഹചര്യത്തിൽ ശരിയായ അന്വേഷണത്തിന് ക്രൈംബ്രാ‍ഞ്ച് അന്വേഷണം കൂടിയേ തീരൂ– കോടതി വ്യക്തമാക്കി.

കേസന്വേഷണം ക്രൈംബ്രാഞ്ചിനെ നിയോഗിച്ച കോടതി, ഊർജിതമായി അന്വേഷിച്ച് പ്രതിയെ പിടികൂടാൻ നിർദേശിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എസ്റ്റേറ്റിന്റെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മിനെ എംഎൽഎ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഫയൽ എഡി‍ജിപി (ക്രൈംസ്) പരിശോധിക്കണം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിക്കണം.

പെരുവന്താനം പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയോ ക്രൈംബ്രാഞ്ചിനെയോ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി. പ്രതിക്കു രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ തനിക്കിപ്പോഴും ഭീഷണിയുണ്ടെന്നും എഡിഎം ബോധിപ്പിച്ചു. ഇതോടെയാണ് കോടതി പൊലീസിനെതിരെ തിരിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :