കാമ്പസുകളില്‍ പൊലീസ് കയറുന്നതിനോട് യോജിപ്പില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (19:16 IST)
കാമ്പസുകളില്‍ പൊലീസ് കയറുന്നതിനോട് യോജിപ്പില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മാനേജ്‌മെന്‍റുകള്‍ ആവശ്യപ്പെട്ടാല്‍ പൊലീസിന് മാറി നില്‍ക്കാനാവില്ല. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ഉണ്ടായത് ഇത്തരം സാഹചര്യമാണെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിരുവനന്തപുരത്ത് വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോളജുകളിൽ ആഘോഷങ്ങളും സംഘടനാപ്രവർത്തനങ്ങളും നടത്താൻ പ്രിൻസിപ്പലിന്റെ അനുമതി വാങ്ങിയിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ആഘോഷങ്ങൾ നടക്കുന്നതിനു രണ്ടാഴ്ച മുമ്പ് അനുമതി വാങ്ങണം. വിദ്യാർത്ഥി യൂണിയൻ ഓഫീസുകളുടെ പ്രവര്‍ത്തനം കോളജ് സമയത്ത് മാത്രമായിരിക്കണം. കാമ്പസില്‍ ആഘോഷങ്ങള്‍ നടക്കുന്ന സമയത്ത്
വാഹനങ്ങൾ കോളജിന് അകത്ത് പ്രവേശിക്കാൻ പാടില്ല. ആഘോഷങ്ങളുടെ വിവരം പൊലീസിനെ അറിയിക്കണമെന്നും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.

കാമ്പസുകളിൽ വാഹനറാലിയും ആനയെ കയറ്റുന്നതും അനുവദിക്കുകയില്ല. കോളജ് ഹോസ്റ്റലകളുടെ പ്രവർത്തനം നിരീക്ഷിക്കാനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ഹോസ്റ്റലിന്റെ തെറ്റായ പ്രവർത്തനത്തെക്കുറിച്ച് വിവരം ലഭിച്ചാൽ നിയമപരമായ നടപടികൾ പൊലീസിന് സ്വീകരിക്കാമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കോളജിനുള്ളിൽ
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സി സി ടി വി കാമറകൾ സ്ഥാപിക്കണം. ടെക്‌നിക്കൽ ഫെസ്റ്റിന്റെ പേരിൽ ആഘോഷങ്ങൾ നടത്താൻ പാടില്ല. ഹോസ്റ്റലുകളുടെ കാന്റീൻ പ്രിൻസിപ്പലിന്റെ മേൽനോട്ടത്തിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :