aparna shaji|
Last Modified തിങ്കള്‍, 16 ജനുവരി 2017 (11:37 IST)
കോൺഗ്രസിലുള്ളത് പറഞ്ഞുതീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. കോൺഗ്രസ് നേതാക്കൾ തമ്മിലടി നിർത്തണമെന്ന എ കെ ആന്റണിയുടെ മുന്നറിയിപ്പിനെ തുടർന്നാണ്
സുധീരൻ രംഗത്തെത്തിയത്. എ കെ ആന്റണി പൊതുവായ കാര്യം പറഞ്ഞുവെന്നേയുള്ളു എന്നും സുധീരൻ വ്യക്തമാക്കി.
ജനാധിപത്യ പാർട്ടിയായതിനാൽ കോൺഗ്രസിൽ പല ആശയങ്ങളും ഉയർന്നുവരും. അതു സ്വാഭാവികം. പ്രശ്നങ്ങളുണ്ടാവാം. പക്ഷേ, അപരിഹാര്യമായത് ഒന്നുമില്ല. എല്ലാം ഭംഗിയായി മുന്നോട്ടുപോകുമെന്നും സുധീരൻ പറഞ്ഞു.
പാര്‍ട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ടെന്ന് ഇന്നലെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുത്. നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണം. ജനകീയ അടിത്തറ ഉണ്ടാക്കുന്നതിനെ കുറിച്ചായിരിക്കണം ചിന്ത. അതിനായി യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നും തമ്മിലടിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരില്ല എന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.
സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായാണ് ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡിസിസി അഴിച്ചുപണിയിലും അതേക്കുറിച്ചുണ്ടായ വിശകലനങ്ങളിലും അതൃപ്തനായ ഉമ്മൻ ചാണ്ടി പാർട്ടി പരിപാടികളിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു. ‘നേതാവ് വ്രണിതഹൃദയനാണ്. ഏകപക്ഷീയ നടപടി അദ്ദേഹത്തെ വേദനിപ്പിച്ചിരിക്കുന്നു’വെന്നു കുറച്ചുനാൾ മുൻപു തലസ്ഥാനത്തെത്തിയ എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിരുന്നു.