കൊച്ചി|
Last Modified തിങ്കള്‍, 16 നവംബര്‍ 2015 (16:29 IST)
നിരവധി മോഷണങ്ങള്‍ക്ക് ഉത്തരവാദിയായ കുപ്രസിദ്ധ മോഷ്ടാവ് കൊപ്രാ രാജേഷിനെ രണ്ട് കൂട്ടാളികള്‍ക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച കളമശേരി ഉണിച്ചിറ ചെട്ടിശേരി
ബിജുമോന്റെ വീട് പട്ടാപ്പകല്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ പൊലീസ് പിടിയിലായത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വാഴവിളാകത്തു വീട്ടില്‍ ബിജു എന്ന കൊപ്രാ രാജേഷിനെ (36) കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോഴിക്കോട് കൊടുവള്ളിയില്‍ നിന്നു പിടികൂടി. തുടര്‍ന്ന് ഇയാളുടെ കൂട്ടാളിയായ കൊല്ലം കടയ്ക്കല്‍ വിളയില്‍ രാഹുല്‍ (20), ഇടുക്കി മേലേ ചിന്നാര്‍ പെരുമനങ്ങാട് വീട്ടില്‍ ജിന്സണ് തോമസ് (28) എന്നിവരെ ഇടപ്പള്ളിയില്‍ നിന്നും പിടിച്ചു.
പതിനഞ്ചാം വയസില്‍ മോഷണം തൊഴിലാക്കിയ കൊപ്രാ രാജേഷിനെതിരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 60 ലേറെ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളും നിരവധി മോഷണ കേസുകളിലെ പ്രതികളാണ്.