ശ്രീനാരായണഗുരുവിനെ ശൂലത്തില്‍ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി

ആലപ്പുഴ| JOYS JOY| Last Modified ബുധന്‍, 17 ജൂണ്‍ 2015 (13:36 IST)
ശ്രീനാരായണഗുരുവിനെ ആര്‍ എസ് എസിന്റെ ശൂലത്തില്‍ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എസ് എന്‍ ഡി പിയെ ഭാവിയില്‍ ആര്‍ എസ് എസ് വിഴുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സി പി എം ജില്ല കമ്മിറ്റി ഓഫീസില്‍ നടന്ന പച്ചക്കറി കൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ എസ് എന്‍ ഡി പി സംഘടിപ്പിച്ച ചടങ്ങില്‍ പ്രവീണ്‍ തൊഗാഡിയ പങ്കെടുത്തിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് കോടിയേരി ഇങ്ങനെ പ്രതികരിച്ചത്.

എസ് എന്‍ ഡി പിയുടെ ചടങ്ങില്‍ ആരാണ് പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാല്‍,
ശ്രീനാരായണ ഗുരുവിനെ പോലെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ശൂലത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല. ജാതിരഹിതവും മതരഹിതവുമായ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച മഹാനാണ് ഗുരുവെന്നും കോടിയേരി പറഞ്ഞു.

എസ് എന്‍ ഡി പി യോഗത്തിന് എതിരെ ആരെങ്കിലും സംസാരിച്ചാല്‍ 100 കോടി ഹിന്ദുക്കള്‍ അവര്‍ക്കെതിരെ ശബ്‌ദിക്കാന്‍ ആഹ്വാനം ചെയ്യുമെന്ന് ചേര്‍ത്തലയില്‍ നടന്ന ചടങ്ങില്‍ പ്രവീണ്‍ തൊഗാഡിയ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :