പിബിയെ തള്ളിപ്പറഞ്ഞു, വെല്ലുവിളിച്ചു: വിഎസിനെതിരേ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രമേയം

വിഎസ് അച്യുതാനന്ദന്‍ , സിപിഎം , കോടിയേരി ബാലകൃഷ്‌ണന്‍
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 21 മെയ് 2015 (15:59 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രേമയം. വി എസ് നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ളതുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി താല്പര്യമല്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്ക് കഴിഞ്ഞതെന്നും കോടിയേരി പറഞ്ഞു. സെക്രട്ടറിയേറ്റ് പ്രമേയം
വാര്‍ത്താ സമ്മേളനത്തില്‍ വായിക്കുകയായിരുന്നു.

വി എസ് നടത്തുന്ന ആരോപണങ്ങള്‍ വിഭാഗീയത വളര്‍ത്തുന്നതിന് തുല്യമാണ്. ഇത്തരം പ്രവര്‍ത്തനം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുക മാത്രമാണ് ചെയ്യുക. പലപ്പോഴും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകള്‍ നടത്തി അദ്ദേഹം പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടിയുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരായിട്ടാണ് വി എസ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. തെറ്റ് തിരുത്താന്‍ തയ്യാറാകാതെ ആവര്‍ത്തിച്ച് പ്രസ്താവനകള്‍ ഇറക്കി പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് അദ്ദേഹം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനമാണെന്ന വിഎസിന്റെ നിലപാട് നേരത്തെ പാര്‍ട്ടി തള്ളിയതാണ്. അദ്ദേഹം ആദ്യമായിട്ടല്ല പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത്. പലപ്പോഴും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാര്‍ട്ടി തയ്യാറാകുകയും ചെയ്തു. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വാക്കുകള്‍ പോലും വിഎസ്
വളച്ചൊടിച്ചുവെന്നും കോടിയേരി പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ല. വിഎസ് പാര്‍ട്ടിക്ക് വഴങ്ങി പ്രവര്‍ത്തിക്കണം. സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരം നീക്കങ്ങള്‍ സമ്മതിക്കുകയില്ലെന്നും പ്രമേയം വായിച്ച് അദ്ദേഹം പറഞ്ഞു.

യു ഡി എഫ് സമ്മര്‍ദ്ദത്തിലാകുന്ന സമയങ്ങളില്‍ വി എസ് നടത്തുന്ന പ്രസ്താവനകള്‍ അവര്‍ക്ക് ഗുണം ചെയ്യുകയാണ്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന നീക്കങ്ങള്‍ അനുവദിക്കില്ല. ആര്‍ എസ് പി, ജെ ഡി യു കക്ഷികള്‍ എല്‍ ഡി എഫ് വിട്ടത് പിണറായി വിജയന്റെ കുറ്റം കൊണ്ടല്ല. വി എസിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി താല്‌പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല. പാര്‍ട്ടി സെക്രട്ടറിയുടേത് ഒറ്റയാള്‍ പ്രവര്‍ത്തനമല്ല. പാര്‍ട്ടി കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ നിലപാടുകളെ ബലപ്പെടുത്തുന്നതാണ് വി എസിന്റെ നിലപാടുകളെന്നും കോടിയേരി പറഞ്ഞു. മുന്നണി വികസനം വി എസിന്റെ വ്യക്തിപരമായ അജണ്ടയായി അവതരിപ്പിച്ചു. ഇത് പാര്‍ട്ടിയുടെ നിലപാടായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പൂര്‍ണമായും തകര്‍ന്നു. എല്ലാ മേഖലയിലും വിലക്കയറ്റം വ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണെന്നും യു ഡി എഫ് വലിയ പ്രതിസന്ധി നേരിടുകയാണെന്നും കോടിയേരി ആരോപിച്ചു. യു ഡി എഫ് പൂര്‍ണമായും ദുര്‍ബലമായിരിക്കുകയാണ്. മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസില്‍ തന്നെ ചേരിതിരിവ് രൂക്ഷമാണ്. നേതാക്കള്‍ പരസ്പരം ചെളിവാരി എറിയുകയാണ്. യു ഡി എഫിലെ എല്ലാ കക്ഷികളും അസംതൃപ്തരാണ്. ജനങ്ങളില്‍ നിന്നും യു ഡി എഫ് ഒറ്റപ്പെട്ടുവെന്നും രാഷ്ട്രീയമായി തിരിച്ചടി നേരിടുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :