aparna shaji|
Last Modified വെള്ളി, 14 ഏപ്രില്‍ 2017 (10:27 IST)
എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയ്യാറാക്കിയിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിനായി കോണ്‍ഗ്രസ് നേതൃത്വത്തിലുളള മുന്നണി കാവിസംഘവുമായി സഹകരിച്ചുവെന്നും കോടിയേരി വ്യക്തമാക്കുന്നു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ മറപറ്റിയാണ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇക്കൂട്ടർ ശ്രമിച്ചതെന്ന് കോടിയേരി ആരോപിക്കുന്നു.
സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ എഴുതിയ ജിഷ്ണു സമരം ബാക്കിപത്രമെന്ന ലേഖനത്തിലാണ് കോടിയേരിയുടെ നിരീക്ഷണങ്ങള്‍. ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസമായിരുന്നു അന്ന്. അന്ന് തന്നെ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ഡിജിപി ഓഫിസിന് മുന്നില്‍ സമരത്തിന് എത്തിയതും സംഘര്‍ഷം സൃഷ്ടിച്ചതും യാദൃശ്ചികമല്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്.
ആര്‍എസ്എസും ബിജെപിയും മതനിരപേക്ഷ ഇന്ത്യയെ ഹിന്ദുവര്‍ഗീയരാഷ്ട്രമാക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണെന്നും കോടിയേരി പറയുന്നു. പൊലീസിനെ പഴി പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ ന്യൂനപക്ഷവിരുദ്ധമെന്നും പൗരാവകാശങ്ങള്‍ ലംഘിക്കുന്ന സംവിധാനമാണെന്ന് വരുത്താനും ശ്രമിക്കുന്നുണ്ട്.
മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന പ്രചാരണകോലാഹലത്തെ അതിജീവിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമെന്നും കോടിയേരി പറയുന്നു.