സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2024 (09:58 IST)
യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ 4 എസ്എഫ്‌ഐ നേതാക്കളെ പുറത്താക്കി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡന്റ് അമല്‍ ചന്ത്, മൂന്നാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥി മിഥുന്‍, മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥി അലന്‍ ജമാല്‍ എന്നിവരെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഡിസംബര്‍ രണ്ടിനാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിനെ ആക്രമിച്ചത്.
എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ വച്ച് ബന്ദിയാക്കിയായിരുന്നു മര്‍ദ്ദിച്ചത്. മുഹമ്മദ് അനസിന്റെ സ്വാധീനം കുറവുള്ള കാലില്‍ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം തടയാന്‍ ചെന്ന വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനെയും എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചു. പിന്നാലെ അനസ് കോളേജ് അച്ചടക്കസമിതിക്ക് പരാതി നല്‍കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികളായ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചു. പിന്നാലെ അറസ്റ്റ് നടപടികളില്‍ നിന്ന് കോടതി പോലീസിനെ തടഞ്ഞു.