നിരത്തുകളില്‍ നിറയെ പൊലീസ്; കേരളത്തില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങള്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 24 ഏപ്രില്‍ 2021 (09:01 IST)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍. ഇന്നും നാളെയും ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാന നിരത്തുകളിലെല്ലാം പൊലീസ് വിന്യസിച്ചു. സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രയുടെ കാരണം ചോദിച്ചറിയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.



ജനങ്ങള്‍ വീട്ടിലിരിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ആളുകള്‍ക്ക് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. വീടുകളില്‍ മത്സ്യം, മാംസം എത്തിച്ചുവില്‍ക്കാം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും ഹാളുകളില്‍ 75 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായും യാത്ര ചെയ്യാം. സത്യപ്രസ്താവന കൈയില്‍ കരുതണമെന്ന് മാത്രം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ക്ഷണക്കത്തും തിരിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം. പൊതുഗതാഗതം പതിവുപോലെ. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :