അപർണ|
Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (16:49 IST)
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്‌ത 700 കോടിയുടെ ധനസഹായം സ്വീകരിക്കേണ്ട നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. കേരളത്തിനു സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യമറിയിച്ചു. വിദേശസഹായം നേടാന്‍ ഇനി കേരളത്തിന്‍റെ ഭാഗത്തുനിന്നു ശക്തമായ രാഷ്ട്രീയ സമ്മര്‍ദം വേണ്ടിവരും.
യുഎഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണു കേരളത്തിനു നല്‍കാന്‍ തയാറായത്. മാലദ്വീപും ജപ്പാനും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, സഹായം വേണ്ടെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. 2004നുശേഷം വിദേശ രാജ്യങ്ങളില്‍നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഇതിനാൽ ഈ നയം മാറ്റേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
കേന്ദ്രം പ്രഖ്യാപിച്ച 600 കോടി രൂപ അപര്യാപ്തമാണെന്നിരിക്കെ കേരളത്തെ പ്രതിസന്ധിയിലാക്കുന്നതാണു തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മതിയായ തുക പ്രഖ്യാപിക്കുകയോ നയം മാറ്റുകയോ വേണം. യുഎഇയില്‍ നിന്ന് സഹായം വാങ്ങുന്നതില്‍ നിയമതടസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാറുള്ളത് വായ്പയായി മാത്രമാണെന്നും കേന്ദ്ര വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കില്ലെന്ന നയം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നിലവില്‍ വന്നത്. ഇതാണ് പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് തിരിച്ചടിയാകുന്നത്.