തിരുവനന്തപുരം|
സജിത്ത്|
Last Updated:
വ്യാഴം, 13 ഏപ്രില്‍ 2017 (17:07 IST)
പ്രതിപക്ഷത്തിന്റെ നിലപാടല്ല സിപിഐക്കുള്ളതെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷത്തിന്റെ നിലപാടാണ് സിപിഐയുടേതെന്നും പ്രകാശ് കാരാട്ട് പരസ്യമായി വിമർശിച്ചതിനാലാണ് പരസ്യമായി മറുപടി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് സി പി എമ്മുമായി ചര്‍ച്ചയാകാമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മൂന്നാർ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐക്കും സിപിഎമ്മിനും രണ്ടുനിലപാടല്ല ഉള്ളതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് ഇക്കാര്യത്തിൽ മുന്നണിയുളെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മഹിജയുടെ സമരത്തിൽനിന്ന് എന്തുനേടിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയും കാനം പ്രതികരിച്ചു. സമരം കൊണ്ട് എന്താണ് നേടിയതെന്ന ചോദ്യം പണ്ടൊക്കെ ട്രേഡ് യൂണിയൻ സമരങ്ങളുമായി ബന്ധപ്പെട്ടു മുതലാളിമാർ ചോദിക്കുന്ന ചോദ്യമാണെന്നും മഹിജയുടെ സമരം തീർക്കാൻ താൻ ഇടപെട്ടതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രമൺ ശ്രീവാസ്തവ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് കെ കരുണാകരനെയും പാലക്കാട്ട് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട സിറാജുന്നീസയേയുമാണ്. രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കുന്നത് ദോഷം ചെയ്യും. എന്നാല്‍ ഉപദേശകരായി ആരെ നിയമിക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കണമെന്നും കാനം അഭിപ്രായപ്പെട്ടു.
തന്നെയും സിപിഐയെയും വിമർശിച്ച എം.എം. മണി, ഇ.പി. ജയരാജൻ എന്നിവരെയും കാനം കളിയാക്കി. മുന്നണിക്കു ജയരാജൻ നൽകിയ സംഭാവനകൾ വിലയിരുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മേലാവി’ എന്ന വാക്ക് മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തയാളാണ് ജയരാജനെന്നും കാനം പറഞ്ഞു. അതുകൊണ്ടുതന്നെ ഇതുപോലുള്ള വലിയ ആളുകളെ കുറിച്ച് പറയാന്‍ താന്‍ ആളല്ല. വിവാദം ഉണ്ടാക്കുന്നവര്‍ തന്നെയാണ് വിവാദങ്ങള്‍ ഒഴിവാക്കേണ്ടതെന്നും അത് ചെയ്യേണ്ടത് സിപിഐ അല്ലെന്നും കാനം പറഞ്ഞു.