ശ്രീജീവിന്റെ കസ്റ്റഡി മരണം; കുറ്റാരോപിതരായ പൊലീസുകാർ ഇപ്പോഴും സർവ്വീസിൽ, ശ്രീജിത്ത് ഇന്ന് മുതൽ വീണ്ടും സമരം തുടങ്ങും

പൊലീസുകാർ സ്വന്തം നാട്ടുകാർ, ജീവിക്കാൻ ഭയമാണ്: ശ്രീജിത്ത്

aparna| Last Modified ഞായര്‍, 4 ഫെബ്രുവരി 2018 (10:39 IST)
സഹോദരന്റ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവ്വീസിൽ തന്നെയെന്ന് ശ്രീജിത്ത്. കുറ്റാരോപിതരായ പൊലീസുകാരെ സർവ്വീസിൽ നിന്നും മാറ്റിനിർത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ശ്രീജിത്ത് ഇന്നുമുതൽ വീണ്ടും സെക്രട്ടേറിയറ്റിനു മുൻപിൽ സമരത്തിന്.

കുറ്റാരോപിതരായ ഉദ്യോഗസ്ഥർ സ്വന്തം നാട്ടുകാരായതിനാൽ നാട്ടിൽ ജീവിക്കാൻ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. രാവിലെ പത്തുമുതലാണ് നിർത്തിവെച്ച അനിശ്ചിതകാല സമരം ശ്രീജിത്ത് വീണ്ടും ആരംഭിക്കുക. സിബിഐ അന്വേഷണം തുടങ്ങിയതോടെ ബുധനാഴ്ച സമരം അവസാനിപ്പിച്ചിരുന്നു.

സമരം അവസാനിപ്പിച്ച ശ്രീജിത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങി. സമരത്തിന്റെ പേരിൽ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലർ പണപ്പിരിവു നടത്തിയെന്നു ശ്രീജിത്ത് ആരോപിച്ചു. കൂട്ടായ്മയിലെ ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചു. ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തിൽ ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :