കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം; 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തലസ്ഥാനത്ത് തുടക്കം

AISWARYA| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2017 (09:22 IST)
ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തലസ്ഥാനത്ത് തുടക്കമാകും. 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 15 വരെ നീളുന്ന മേളയില്‍ കേരളത്തില്‍ നിന്ന് രണ്ടെണ്ണം ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ മല്‍സരവിഭാഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം ഓഖി ചു‍ഴലിക്കാറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മേളയുടെ ഔപചാരിക ഉദ്ഘാടനം ഒ‍ഴിവാക്കിയിട്ടുണ്ട്. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിച്ച് കൊണ്ട് ഉദ്ഘാടന ചിത്രമായ ഇന്‍സല്‍ട്ട് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.

ഫെസ്റ്റിവെല്ലിന്‍റെ മുഖ്യ അതിഥിയായ ബംഗാളി നടി മാധവി മുഖര്‍ജിയും ഫെസ്റ്റിവെല്‍ ഗസ്റ്റ് ഹോണറായ നടന്‍ പ്രകാശ് രാജും നിശാഗന്ധിയില്‍ സന്നിഹിതരാകും. ഇന്ത്യന്‍ ഇന്ന് എന്ന വിഭാഗത്തില്‍ ഏ‍ഴും മലയാള സിനിമ എന്ന ഇനത്തില്‍ ഏ‍ഴും ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തും.

ഫെസ്റ്റിവല്ലിലെ പ്രധാന ചിത്രങ്ങള്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ 11000 പാസ്സുകളാണ് ചിത്രം കാണാനായി അനുവദിച്ചിരിക്കുന്നത്. ചലച്ചിത്രസംവിധായകരാവാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ദ്വിദിന ശില്‍പ്പശാല എന്നത് ഈമേളയുടെ മറ്റോരു പ്രത്യേകതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :