അഭിറാം മനോഹർ|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2024 (18:16 IST)
തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലാണ്
മഴ പെയ്യുന്ന സമയങ്ങളില്‍ എങ്ങനെ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി വിശദീകരിച്ചത്. ഈ വര്‍ഷം ഇതുവരെയുണ്ടായ 296 വൈദ്യുത അപകടങ്ങളില്‍ നിന്നും 73 പൊതുജനങ്ങള്‍ക്ക് മരണം സംഭവിച്ചിട്ടുണ്ടെന്നും അപകടത്തില്‍ പെടാതിരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്നുമാണ് കെഎസ്ഇബി പൊതുജനങ്ങളെ അറിയിച്ചത്.
കെഎസ്ഇബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ജാഗ്രതാ നിര്‍ദേശം ഇങ്ങനെ
ശക്തമായ കാറ്റില്‍ മരക്കൊമ്പുകള്‍ വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.
പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസരപ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.
മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്.
സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക,
സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ഇതുവരെയുണ്ടായ 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്.മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്.
ഓര്‍ക്കുക, ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍ വേണ്ടി മാത്രമുള്ളതാണ്.
വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍
94 96 00 1912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്ട്‌സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും. 1912 എന്ന 24/7 ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതുമാണ്.