സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 58 ആക്കിയേക്കും

തിരുവനന്തപുരം| VISHNU N L| Last Modified ഞായര്‍, 5 ജൂലൈ 2015 (09:39 IST)
ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 58 ആക്കി ഉയർത്തിയേക്കുമെന്ന് സൂചന. പുതിയ ശമ്പള കമ്മീഷന്‍ ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് സൂചനകള്‍. ശമ്പളവർധനയെ തുടർന്നു സർക്കാരിന് ഉണ്ടാകുന്ന കടുത്ത സാമ്പത്തികബാധ്യത കൂടി കണക്കിലെടുത്താണു വിരമിക്കൽ പ്രായം ഉയർത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതി ശുപാർശ ചെയ്യുന്നതെന്നറിയുന്നു. കുറഞ്ഞ ശമ്പളം 16,000 രൂപയും ഉയർന്ന ശമ്പളം ഒരു ലക്ഷം രൂപയും ശുപാർശ ചെയ്യുന്ന റിപ്പോർട്ടാവും സർക്കാരിനു കമ്മിഷൻ സമർപ്പിക്കുക.

നിലവിൽ 56 ആണു വിരമിക്കൽ പ്രായം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു വിരമിക്കൽ പ്രായം 55ൽ നിന്ന് 56 ആയി ഉയർത്തിയത്. അതേസമയം ശുപാര്‍ശ നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഏറെ കടമ്പകളുണ്ട്. യുഡിഎഫ് സർക്കാരിന്റെ നയം തന്നെ വിരമിക്കൽ പ്രായം ഉയർത്തുന്നതിന് എതിരാണ്. കൂടാതെ രാഷ്ട്രീയപ്പാർട്ടികളുടെ യുവജന സംഘടനകൾക്കു വ്യാപകമായ എതിർപ്പാണ് ഈ നീക്കങ്ങളോട്.

സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യ ഉണ്ടാകുന്ന ശുപാര്‍ശകളും ഉണ്ടായേക്കുമെന്നാണ് വിവരം. പൂർണ പെൻഷനുള്ള സർവീസ് കാലാവധി 30 വർഷത്തിൽ നിന്ന് 25 ആയി കുറയ്ക്കാനും നിർദേശം ഉണ്ടാകും. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണു പൂർണ പെൻഷൻ. മധ്യതലത്തിൽ നിയമനം, പുനർവിന്യാസം, ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിയവയൊക്കെ റിപ്പോർട്ടിൽ ഉണ്ടാകും. ഒട്ടേറെ സർക്കാർ ജീവനക്കാർ പല വകുപ്പുകളിലും പ്രത്യേകിച്ചു ജോലിയില്ലാതെ ഇരിക്കുന്നവരുണ്ട്.

ഇവരെ ജീവനക്കാർ ഇല്ലാത്ത വകുപ്പിലേക്കു പുനർവിന്യസിപ്പിക്കണമെന്ന ശുപാർശയും റിപ്പോർട്ടിൽ ഉണ്ടാകും. ജീവനക്കാരുടെ ശമ്പളം വർധിക്കുന്നതിന് അനുസൃതമായി കാര്യക്ഷമത കൂടി ഉയർത്താനുള്ള നിർദേശവും റിപ്പോർട്ടിൽ ഉണ്ടാകും. കമ്മിഷൻ റിപ്പോർട്ട് 10നു സർക്കാരിനു സമർപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :