തിരുവനന്തപുരം|
Last Modified തിങ്കള്‍, 12 മെയ് 2014 (16:42 IST)
കേരളത്തിന്റെ സാമൂഹിക ധാരയില്‍ പരിവര്‍ത്തന ശക്തിയായി നിര്‍ണ്ണായക പങ്ക് വഹിച്ചരവായിരുന്നു മിഷനറിമാരെന്ന് ഗവര്‍ണ്ണര്‍ ഷീല ദീക്ഷിത് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ മിഷനറിമാരുടെ സേവനം നിസ്തുലമായിരുന്നുവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
സി എസ് ഐ മദ്ധ്യകേരള മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ മിഷനറി ആഗമനത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ക്രൈസ്റ്റ് ചര്‍ച്ച് സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാനതല ചരിത്ര സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുയായിരുന്നു ഗവര്‍ണ്ണര്‍.
ദൈവത്തിന്റെ സ്വന്തം നാടുമാത്രമല്ല കേരളം. മതസാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രകാശഗോപുരം കൂടിയാണ്. മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരായിരുന്നു മിഷനറിമാര്‍. ആത്മ പ്രകാശനത്തിന്റെ മാദ്ധ്യമമാണ് ഭാഷ. ഭാഷ മനുഷ്യനെ നവീകരിക്കുന്നു. മനുഷ്യന് നവീകരിക്കപ്പെടുന്നതിലൂടെ സമൂഹവും അതിലൂടെ രാജ്യവും ആത്യന്തികമായി നവീകരിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.
സി എസ് ഐ ഇടവകയില്‍ അംഗങ്ങളായ 40 ലക്ഷം പേരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ കേരളത്തെ രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്നും ഗവര്‍ണ്ണര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചടങ്ങില്‍ പ്രൊഫ. ജോര്‍ജ്ജ് ജേക്കബ് സ്വാഗതമാശംസിച്ചു. റവ: തോമസ് കെ ഉമ്മന്‍ ആദ്ധ്യക്ഷ പ്രസംഗം നടത്തി. റവ: വിജു വര്‍ക്കി ജോര്‍ജ്ജ് നന്ദി പ്രകാശിപ്പിച്ചു.