രേണുക വേണു|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (08:38 IST)
Sabarimala News: കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം ശബരിമലയില്‍ പനി പടരാന്‍ കാരണമാകുന്നു. പകല്‍ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. പുലര്‍ച്ചെ വരെ മഞ്ഞ് വീഴ്ചയും അസഹ്യമായ തണുപ്പും അനുഭവപ്പെടുന്നു. കാലാവസ്ഥയില്‍ വരുന്ന മാറ്റം കാരണം തീര്‍ഥാടകരില്‍ പനി കേസുകള്‍ വര്‍ധിക്കുകയാണ്. 22 ദിവസത്തിനിടെ 67,597 പേരാണ് പനിയെ തുടര്‍ന്ന് ശബരിമലയില്‍ ചികിത്സ തേടിയത്.
തീര്‍ഥാടകര്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുക. അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ പൊലീസുമായോ മറ്റു അധികൃതരുമായോ ബന്ധപ്പെടുക. ശബരിമലയിലേക്ക് എത്തുന്ന കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.
അതേസമയം വളരെ സുഗമമായാണ് ശബരിമല തീര്‍ഥാടനം മുന്നോട്ടുപോകുന്നത്. ഇന്നലെ 78,036 പേര്‍ ദര്‍ശനം നടത്തി. അതില്‍ 14,660 പേര്‍ സ്‌പോട് ബുക്കിങ് വഴിയാണു പതിനെട്ടാംപടി കയറിയത്. ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും ക്യൂ ശരംകുത്തി കഴിഞ്ഞിരുന്നു. പമ്പയില്‍നിന്നു മണിക്കൂറില്‍ 4200 മുതല്‍ 4300 വരെ തീര്‍ഥാടകര്‍ മല കയറുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.