'വഴിയേ പ്പോകുന്നവർ ഉമ്മാക്കി കാണിച്ചാൽ ഭയപ്പെട്ടോടി ഒളിക്കുന്ന വ്യക്തിത്വമല്ല, അവരുടേത്‌'; കെ പി എസി ലളിതക്കെതിരെയുള്ള പ്രതിഷേധങ്ങളെ ശക്തമായി വിമർശിച്ച് ബി ഉണ്ണികൃഷണന്റെ ഫേസ്ബുക്ക് പോസ്റ്റ്

'വഴിയേ പ്പോകുന്നവർ ഉമ്മാക്കി കാണിച്ചാൽ ഭയപ്പെട്ടോടി ഒളിക്കുന്ന വ്യക്തിത്വമല്ല, അവരുടേത്‌'; കെ പി എസി ലളിതക്കെതിരെയുള്ള പ്രതിഷേധങ്ങളെ ശക്തമായി വിമർശിച്ച് ബി ഉണ്ണികൃഷണന്റെ ഫേസ്ബുക്ക് പോസ്റ്റ്

aparna shaji| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (12:41 IST)
ഇടതു സ്ഥാനാര്‍ത്ഥിയായി വടക്കാഞ്ചേരിയില്‍ പരിഗണിക്കപ്പെട്ട സ്ഥാനാത്ഥിത്വത്തിൽ നിന്നും പിൻവാങ്ങിയതിനെതുടർന്ന് ലളിതയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്. കെപിഎസി ലളിതയുടെ ഇടതുപക്ഷപൊരുള്‍, പോസ്റ്ററൊട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്ത കൂലിപ്പടയുടെ ചിന്താശേഷിക്ക് അപ്രാപ്യമാണെന്നാണ് ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന്റെ കുറിപ്പിന് പിന്തുണയുമായി ആഷിഖ് അബുവുള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കെ പി എ സി ലളിത ചേച്ചി തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞു പിൻവാങ്ങുമ്പോൾ, മാധ്യമറിപ്പോർട്ടുകളിലേറെയും ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിക്കുന്നത്‌, പോസ്റ്ററൊട്ടിക്കലും, പ്രകടനങ്ങളും കണ്ടുഭയന്ന് ചേച്ചി പിന്മാറിയെന്നാണ്‌. ആരോഗ്യപ്രശ്നങ്ങളും പ്രൊഫഷനൽ ഉത്തരവാദിത്തങ്ങളും പരിഗണിച്ചുകൊണ്ട്‌, കഴിഞ്ഞ രണ്ടുദിവസങ്ങളായി, മക്കളോടും, സഹപ്രവർത്തകരോടും, സുഹൃത്തുക്കളോടും നിരന്തരമായി നടത്തിയ ആലോചനകൾക്ക്‌ ഒടുവിലാണ്‌, ലളിതചേച്ചി ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്നാണ്‌ ഞാൻ മനസിലാക്കുന്നത്‌.
വഴിയിൽപ്പോകുന്നവർ ഉമ്മാക്കി കാണിച്ചാൽ ഭയപ്പെട്ടോടി ഒളിക്കുന്ന വ്യക്തിത്വമല്ല, അവരുടേത്‌. അവരുടെ സർഗ്ഗജീവിതവും, സഹനങ്ങളും, ധീരതയും, ഉജ്ജ്വലമായ പെണ്മയും, ഇടതുപക്ഷ പൊരുളും, പോസ്റ്ററൊട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്ത കൂലിപ്പടയുടെ ചിന്താശേഷിക്ക്‌ അപ്രാപ്യമാണ്‌. കെ പി എ സി ലളിത മത്സരിക്കാൻ തയ്യാറായാൽ, അത്‌ സ്ഥാനാർത്ഥിപ്പട്ടികയുടെ തന്നെ ഗുണമേന്മ കൂട്ടുമെന്ന് പറഞ്ഞ സഖാവ്‌ പിണറായി, ഇടതുപക്ഷം കലാസാംസ്ക്കാരിക ഗഹനതയോട്‌ എന്നും പുലർത്തിപ്പോന്ന ആദരവിന്‌ അടിവരയിടുകയായിരുന്നു.

ചലച്ചിത്ര/മാധ്യമ രംഗങ്ങളിൽ സാന്നിധ്യമറിയിച്ചവരെ സ്ഥാനാർത്ഥികളയി പരിഗണിക്കുമ്പോൾ അവർക്കെതിരെ പ്രയോഗിക്കപ്പെടുന്ന ' നൂലിൽ കെട്ടിയിറക്കിയവർ' എന്ന ആനുകാലിക പരിഹാസം തികച്ചും അരാഷ്ട്രീയവും സാംസ്ക്കാരിക വിരുദ്ധവുമാണ്‌.രാഷ്ട്രീയ പ്രവർത്ത്നത്തെക്കുറിച്ചുള്ള തികച്ചും യാഥാസ്ഥിതികമായ മുൻ ധാരണയാണ്‌ ഇത്തരം പ്രയോഗങ്ങൾക്ക്‌ കാരണമാവുന്നത്‌. നമ്മൾ കാലുറപ്പിച്ചുനിൽക്കുന്ന ഭൂമികയെ നിർമ്മിക്കുന്നത്‌ മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകർ മാത്രമാണെന്ന് കരുതുന്ന പോലെ വിഡ്ഡിത്തം വേറെയെന്തുണ്ട്‌? സാംസ്ക്കാരിക പ്രവർത്തകർ, എഴുത്തുകാർ, കലാകാരന്മാർ, അദ്ധ്യാപകർ, ചിന്തകർ, വിവിധ വൈജ്ഞാനിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, തൊഴിലാളികൾ, വിവര സാങ്കേതിക പ്രവർത്തകർ, വിവരാവകാശപ്രവർത്തകർ, കർഷകർ, മാധ്യമപ്രവർത്തകർ, പാർശ്വവത്ക്കരിക്കപ്പെട്ട സ്വത്വബോധങ്ങൾ, അങ്ങിനെ നിരവധി, അനവധി ഇടങ്ങളിൽ ഇടപെടുന്നവർ ചേർന്നാണ്‌ നമ്മളെ നമ്മളാക്കിത്തീർക്കുന്ന ചരിത്രം രൂപവത്ക്കരിക്കുന്നത്‌. ആ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട്‌, സ്ഥാനാർത്ഥിനിർണ്ണയത്തിൽ ഇപ്പോൾ നടപ്പിലാക്കപെട്ട വൈവിധ്യത്തെ സ്വാഗതം ചെയ്യുകയാണ്‌ വേണ്ടത്‌.

പക്ഷെ, ഒരു കാര്യമുണ്ട്‌. ജനപ്രതിനിധികളാവാൻ തീരുമാനിച്ചുറച്ച്‌ മത്സരരംഗത്തേക്കിറങ്ങുന്നവർക്ക്‌ ഏറ്റെടുക്കാൻ പോവുന്ന ഉത്തരവാദിത്തക്കെക്കുറിച്ച്‌, ഏറ്റെടുക്കേണ്ട പ്രതിബദ്ധതയെക്കുറിച്ച്‌ തികഞ്ഞ ബോധ്യവും ധാരണയും ഉണ്ടാവണം. ആ കർമ്മരംഗത്തേക്ക്‌ പൂർണ്ണശ്രദ്ധ കൊടുക്കാൻ അവർ തയ്യാറാവണം. അല്ലാതെ വെറുതെ ഒരലംങ്കാരമായും, അധികാരത്തിന്റെ വിലകുറഞ്ഞ ആഘോഷമായും ജനപ്രതിനിധിയെന്ന സ്ഥാനത്തെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ, അവരെ ചരിത്രം നിശിതമായി വിചാരണ ചെയ്യുമെന്നതിൽ തർക്കമില്ല.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :