തിരുവനന്തപുരം|
Rijisha M.|
Last Updated:
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (11:08 IST)
ബ്രൂവറിക്കായി അപേക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ബിയര്‍ നിര്‍മാണത്തിനുള്ള ബ്രൂവറികള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
'നായനാരുടെ കാലത്ത് മാത്രമല്ല 2003-ൽ എ കെ ആന്റണിയുടെ കാലത്ത് അന്നത്തെ എക്‌സൈസ് വകുപ്പ് മന്ത്രി കെ വി തോമസും ബ്രൂവറിക്ക് അനുമതി നൽകിയിട്ടുണ്ട്. ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ ഒരുതെറ്റുമില്ല. ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലെ ? അപേക്ഷ ലഭിച്ചാല്‍ അവര്‍ അത് പരിശോധിച്ച് നടപടിയെടുക്കും.
അപേക്ഷ ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുന്നത് ഓരോ ഭരണസ്ഥാപനങ്ങളും ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ബ്രൂവറികള്‍ക്കായി അപേക്ഷകള്‍ ലഭിച്ചാല്‍ പരിശോധിച്ചതിന് ശേഷം അനുമതി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കും. സർക്കാരിനെ മദ്യനയത്തിന്റെ ഭാഗമായാണ് ബ്രൂവറി അനുവദിച്ചത് അതിന് അപാകതകൾ ഒന്നുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.