തിരുവനന്തപുരം|
BIJU|
Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (21:47 IST)
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വെള്ളിയാഴ്ച മുതലാണ് അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുന്നത്. ഒപി സമയം കൂട്ടിയതിലും ജീവനക്കാരുടെ എണ്ണം കൂട്ടാത്തതിലും പ്രതിഷേധിച്ചാണ് സമരം.
മെഡിക്കല്‍ കോളജ് ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണു സമരം ചെയ്യുന്നത്. ശനിയാഴ്ച മുതല്‍ കിടത്തി ചികില്‍സ അവസാനിപ്പിക്കും. എന്നാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
വൈകുന്നേരത്തെ ഒ പിയില്‍ രോഗികളെ നോക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണി വരെയുണ്ടായിരുന്ന ഒ പി സമയം വൈകുന്നേരം ആറുമണി വരെയാക്കി ഉയര്‍ത്തിയിരുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് ഒപി സമയം വര്‍ദ്ധിപ്പിച്ചത്.
എന്നാല്‍ ഇതിനെ കര്‍ശനമായി എതിര്‍ത്ത് ഡോക്ടര്‍മാര്‍ രംഗത്തെത്തി. ആറ് മണിവരെ ജോലി ചെയ്യാന്‍ വിസമ്മതിച്ച പാലക്കാട് കുമരമ്പത്തൂരിലെ ഡോക്‍ടറെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതോടെയാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.
പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമെന്നതുകൊണ്ടാണ് ഒ പി സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഡോക്ടര്‍മാര്‍ എതിര്‍ക്കുന്നതെന്നാണ് ഉയര്‍ന്നിട്ടുള്ള ആരോപണം.