കരിപ്പൂര്‍: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു, 15 ജീവനക്കാര്‍ കസ്റ്റഡിയില്‍

കരിപ്പൂര്‍ വിമാനത്താവളം , സിഐഎസ്എഫ് ജവാന്‍ , മരണം
കൊണ്ടോട്ടി (മലപ്പുറം)| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (10:51 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ച സംഭവത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവെപ്പ് ഉണ്ടായതും ജവാന്‍ മരിച്ചതും. അതേസമയം സംഭവത്തിന്റെ
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജീവനക്കാരുടെ പാസിനെയും സുരക്ഷാ പരിശോധനയെയും ചൊല്ലിയുണ്ടായ തര്‍ക്കവും അതിനിടെ സിഐഎസ്എഫ് എസ്ഐ സിതാറാം ചൗധരിയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജീവനക്കാരെ വിരട്ടാനായി തോക്കെടുക്കുന്ന എസ്ഐയെ മരിച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ എസ്എസ് യാദവ് തടയുന്നതും കാണാം. എന്നാല്‍ ജീവനക്കാരുടെ കൂട്ടസംഘര്‍ഷത്തിനിടെ അപ്രതീക്ഷിതമായി യാദവിന്റെ താടിക്ക് വെടിയേല്‍ക്കുകയായിരുന്നു. വെടിയേറ്റയുടനെ സംഘര്‍ഷമുണ്ടാക്കിയ ജീവനക്കാരും കണ്ടുനിന്നവരും സ്ഥലത്തുനിന്നും ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം, വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍സി ഗോയല്‍ കേരള ഡിജിപി ടിപി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്.

അതീവ സുരക്ഷാ മേഖലയില്‍ നടന്ന സംഭവത്തെ കേന്ദ്രം അതീവ ഗൌരവത്തോടെയാണ് കാണുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിഷയത്തില്‍ ഇടപെടുകയും കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍സി ഗോയലിനോട് വിവരങ്ങള്‍ തേടുകയുമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഈ വിവരങ്ങള്‍ ഗോയല്‍ രാജ്‌നാഥ് സിംഗിനെ അറിയിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി വ്യക്തമാക്കിയെങ്കിലും വിവരങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :