പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് 43 വർഷം തടവും ജീവപര്യന്തവും

പുലർച്ചെ രണ്ടിന‌് പുനലൂർ നല്ലംകുളത്താണ‌് കേസിന് ആസ്പദമായ സംഭവം നടന്നത‌്.

Last Modified ശനി, 25 മെയ് 2019 (09:19 IST)
കൊല്ലം പുനലൂരിൽ 16 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രദേശവാസിയായ നാൽപ്പതുകാരണം ജീവപര്യന്തം തടവുൾപ്പെടെ പുറമെ 43 വര്‍ഷം കഠിനതടവ്. കൊല്ലം ജില്ലാ ഒന്നാം അഡീ. സെഷന്‍സ് കോടതിയാണ് പിറവന്തൂര്‍ സ്വദേശി സുനില്‍കുമാറി (43)ന് ശിക്ഷ വിധിച്ചത്. മൂന്നു ലക്ഷം രൂപ പിഴയും അടയ്ക്കണം.

വെട്ടിത്തിട്ടയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെ 2017 ജൂലൈ 29 ന് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പെണ്‍കുട്ടിയുടെ പിതാവടക്കം സംശയത്തിന്റെ നിഴലിലായിരുന്നു. പോലീസ് അന്വേഷണത്തില്‍ അനാസ്ഥ ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നകോടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് വഴിതുറന്നത്. ക്രൈംബ്രാഞ്ച് റൂറല്‍ വിഭാഗം കേസ് അന്വേഷിച്ചെങ്കിലും തെളിയിക്കാന്‍ കഴിയാതെ വന്നതോടെ കൊല്ലം ക്രൈംബ്രാഞ്ച് കേസ് എറ്റെടുക്കുയായിരുന്നു.

പുലർച്ചെ രണ്ടിന‌് പുനലൂർ നല്ലംകുളത്താണ‌് കേസിന് ആസ്പദമായ സംഭവം നടന്നത‌്. വീടിന്റെ വാതിൽ തള്ളിത്തുറന്ന‌് അകത്തുകടന്ന ഇയാൾ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ കഴുത്തിൽ കയറുകൊണ്ട‌് വരിഞ്ഞ‌് ബോധരഹിതയാക്കിയശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന‌് കുട്ടിയുടെ സ്വർണമാല കവരുകയും ചെയ്തു.

2018 ജൂണ്‍ 20നായിരുന്നു പ്രതിയെ പിടികൂടിയത്. ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതാണ് സുനില്‍കുമാറിനെ കുടുക്കിയതും. പ്രതിയെ പിടികൂടി ഒരു വര്‍ഷം തികയും മുന്നേയാണ് കേസിലെ വിധിയെന്നതും ശ്രദ്ധേയമാണ്.

ഭവനഭേദനത്തിനും പ്രകൃതിവിരുദ്ധ ലൈംഗികവേഴ‌്ചയ്ക്കും പത്ത‌ുവർഷം വീതം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും കൊലപാതക കുറ്റത്തിന‌ു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും മാല കവർന്നതിന‌് ആറ‌ുവർഷം തടവും 25,000 രൂപ പിഴയും ലൈംഗിക കടന്നുകയറ്റ കുറ്റത്തിന‌് പത്ത‌ുവർഷം കഠിനതടവും 50,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന‌് ഏഴ‌ുവർഷം കഠിനതടവും ഉൾപ്പെടെ 43 വർഷം കഠിനതടവും മൂന്ന‌ുലക്ഷം രൂപ പിഴയുമാണ‌് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന‌ുവർഷം വെറും തടവും അനുഭവിക്കണം. ഭവനഭേദനത്തിനും കവർച്ചയ്ക്കുമുള്ള ശിക്ഷ ഒരുമിച്ചും മറ്റുള്ള ശിക്ഷകൾ പ്രത്യേകവും അനുഭവിക്കണം.

അതേസമയം, സംശയത്തിന്റെ നിഴലിലായിരുന്ന തന്റെ നിരപരാധിത്വം കൂടിയാണ് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും
വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിക്ക് വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെങ്കിലും വിധിയില്‍ തൃപ്തിയെന്ന് പെണ്‍കുട്ടിയുടെ മാതാവും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :