ചെറുവള്ളി എസ്റ്റേറ്റില്‍ കയ്യേറ്റശ്രമം; സംഘര്‍ഷത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് വെട്ടേറ്റു

പത്തനംതിട്ട| VISHNU N L| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (11:59 IST)
ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ കെപി യോഹന്നാന്‍ കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ ഉണ്ടായ കയ്യേറ്റശ്രമത്തിനിടെ എസ്റ്റേറ്റ് തൊഴിലാളിക്ക് വെട്ടേറ്റു. എരുമേലി സ്വദേശിയും എസ്റ്റേറ്റ് തൊഴിലാളിയുമായ മാത്യു കാവുങ്കലിനാണ്
(52)വെട്ടേറ്റത്. എസ്റ്റേറ്റ് അസി. മാനേജർ ദീപക്, മറ്റ് രണ്ട് തൊഴിലാളികൾ എന്നിവർക്കും പരിക്കേറ്റു.
എല്ലാവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കയ്യേറ്റം തടയാന്‍ നടത്തിയ ശ്രമത്തിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കയ്യേറ്റശ്രമം നടത്തിയ അൻപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് എസ്റ്റേറ്റിലേക്ക് കയ്യേറ്റ ശ്രമം തുടങ്ങിയത്. കാക്കക്കല്ല്-ചേനപ്പാടി ഭാഗത്താണ് കൈയേറ്റം നടന്നത്.

കയ്യേറ്റ ശ്രമം ഉണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം എസ്റ്റേറ്റില്‍ എത്തിയിരുന്നു. പായ, പാത്രങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങളുമായി വാഹനങ്ങളിലെത്തിയ
ആദ്യ സംഘത്തിലെ അൻപതോളം പേരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇവരെ നീക്കിയതിനു പിന്നാലെ എസ്റ്റേറ്റിന്റെ മറുഭാഗത്തുകൂറി വേറെരു സംഘം കയ്യേറാന്‍ ആരംഭിച്ചു. ഇത് അറിഞ്ഞ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാത്യ്‌വിനു വെട്ടേറ്റത്. മാത്യുവിന്റെ കൈയ്ക്ക് ഗുരുതര പരിക്കുണ്ട്.

കല്ലുകൊണ്ടുള്ള ആക്രമണത്തിലാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. കൈയേറ്റക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതറിഞ്ഞ്
പത്തനംതിട്ട, പുനലൂർ ഭാഗങ്ങളിൽ നിന്ന് വന്നവർ എരുമേലിയിലെത്തി
തിരിച്ചു പോയി. 2263 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് ചെറുവള്ളി എസ്റ്റേറ്റ്. പാട്ടത്തിനെടുത്ത സർക്കാർ ഭൂമി ഹാരിസൺ ബിഷപ്പ് കെ.പി. യോഹന്നാന് മറിച്ചു വിൽക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :