Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (08:19 IST)
യുഡിഎഗ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10ന് ക്ലിഫ് ഹൗസിലാണ് യോഗം. പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വം അടക്കം യോഗത്തിൽ ചർച്ചയാകും. കേരള കോൺഗ്രസിലെ ഭിന്നത ഉപതെരഞ്ഞെടുപ്പിൽ ബാധിക്കാതിരിക്കാൻ മുന്നണി നേതൃത്വം എന്ത് നിലപാടാകും സ്വീകരിക്കുക എന്ന് ഉറ്റുനോക്കുകയാണ് യുഡിഎഫ് പ്രവർത്തകർ.
വർഷങ്ങളായി കെഎം മാണി കൈവശം വെച്ചിരിക്കുന്ന പാലാ സീറ്റിൽ അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണി, ജോസിന്റെ ഭാര്യ നിഷ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. സാമൂഹികപ്രവർത്തന രംഗത്ത് സജീവമായ നിഷയുടെ പേര് മുമ്പുതന്നെ പാലായിൽ സജീവമാണ്.എന്നാൽ ആരുടെയും പേര് പരിഗണിച്ചിട്ടില്ലെന്നാണ് കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് വ്യക്തമാക്കുന്നത്.
പാലായിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പാർട്ടി ചെയർമാനായ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ടുമൂന്ന് ദിവസത്തിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ സീറ്റ് ചോദിക്കാൻ ജോസഫ് വിഭാഗം അലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അല്ലെങ്കിൽ സമവായത്തിലൂടെ സ്ഥാനാർത്ഥിയെ കണ്ടെത്തണം. ചെയർമാൻ സ്ഥാനത്തിൽ ജോസ് കെ മാണി വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ സഹകരിക്കുമെന്നും ജോസഫ് വിഭാഗം നേതാക്കൾ ചിന്തിക്കുന്നു.
എന്നാൽ പാലായിൽ ജോസഫ് പ്രശ്നമുണ്ടാക്കില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. സെപ്‌തംബർ 23നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 27ന് വോട്ടെണ്ണൽ നടക്കും.