നെഞ്ചിടിപ്പോടെ സ്ഥാനാര്‍ത്ഥികള്‍‍; പന്ത്രണ്ട് മണിയോടെ ഫലമറിയാം

അരുവിക്കര| JOYS JOY| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (15:58 IST)
ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒമ്പതുമണിയോടെ ആദ്യസൂചനകള്‍ ലഭ്യമാകും.
 
തിരുവനന്തപുരം സംഗീത കോളജില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക. ഇടതു - വലതു മുന്നണികള്‍ക്ക് ഒരു പോലെ നിര്‍ണ്ണായകമാണ് ഉപതെരഞ്ഞെടുപ്പു ഫലം. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നില്ല.
 
അതേസമയം, അരുവിക്കരയില്‍ പരാജയപ്പെട്ടാല്‍ അത് സര്‍ക്കാരിന് മുഖത്തേല്‍ക്കുന്ന അടിയാകും. സോളാര്‍, ബാര്‍ കോഴ, ഭൂമി തട്ടിപ്പ് തുടങ്ങി നിരവധി വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അത് വലിയ തടസ്സമാകും. 
 
എല്‍ ഡി എഫ് പാളയത്തിലും സ്ഥിതി വ്യത്യസ്തമല്ല. വരാനിരിക്കുന്ന തദ്ദേശ - നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള പരീക്ഷണപോരാട്ടം കൂടിയാണ് അരുവിക്കര. പരാജയപ്പെടുകയാണെങ്കില്‍ എല്‍ ഡി എഫിന്റെ നിലപാടുകളിലും സര്‍ക്കാരിനെതിരെയുള്ള സമീപനത്തിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല എന്നായിരിക്കും വിലയിരുത്തപ്പെടുക. അതേസമയം, ഉപതെരഞ്ഞെടുപ്പിലെങ്കിലും ഒരു താമര വിരിയിക്കുക എന്ന ബി ജെ പി സ്വപ്നം ഇത്തവണയും വിടര്‍ന്നേക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :