ആലുവയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

കൊച്ചി| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (09:26 IST)
കുന്നത്തേരിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥന്‍ ഷാജി,​ ഭാര്യ സൈഫുന്നീസ,​ മകള്‍ ആയിഷ(13)​ എന്നിവരാണ് മരിച്ചത്.​

ബുധനാഴ്ച രാത്രി ഒന്പത് മണിയോടെയാണ് കെട്ടിടം റോഡിലേക്ക് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ മൂന്നാം നില വീടായും രണ്ടാം നില ഒരു ഫ്ലവര്‍മില്ലായും ആദ്യ നില
വര്‍ക്‌ഷോപ്പായും ഉപയോഗിച്ചു വരികയായിരുന്നു. മൂന്നാം നിലയില്‍ വീട്ടുടമയായ ഷാജിയും കുടുംബവുമാണ് താമസിച്ചിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആയിഷയെ
പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍വെച്ച് കുട്ടി മരണപ്പെടുകയായിരുന്നു. ആയിഷയുടെ സഹോദരന്‍ സാദിര്‍ കെട്ടിടം ഇടിഞ്ഞു വീഴുന്ന സമയത്ത് മുകള്‍ നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

കനത്ത മഴയത്താണ് കെട്ടിടം ഇടിഞ്ഞത്. തറയുടെ ബലക്ഷയമാണ് കാരണമെന്നു കരുതുന്നു. രാത്രി 12 മണിയോടെ ഷാജഹാന്റെ മൃതദേഹവും പന്ത്രണ്ടേമുക്കാലോടെ സൈബുന്നിസയുടെ മൃതദേഹവും കണ്ടെടുത്തു. തായിക്കാട്ടുകര തരകുപീടികയില്‍ അബ്ദുള്ളയുടെ മകനാണ് ഷാജഹാന്‍. തായിക്കാട്ടുകര ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അയിഷ. അയിഷയുടെ മൃതദേഹം കാരോത്തുകുഴി ആശുപത്രിയിലും ഷാജഹാന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. രക്ഷപ്പെട്ട സാബിര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് അപകടകാരണമെന്നാണ് ആദ്യ നിഗമനം. 15 വര്‍ഷം പഴക്കമുണ്ടായിരുന്ന ഒറ്റനില കെട്ടടത്തില്‍ ആറ് മാസം മുന്‍പാണ് രണ്ട് നിലകള്‍കൂടി പണിതതെന്ന് നാട്ടുകാര്‍ പറയുന്നു.

ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.കനത്ത മഴയെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെട്ടു. ഇടുങ്ങിയ റോഡും വെളിച്ചക്കുറവും പ്രതിബന്ധമായി. അപകടത്തെ തുടര്‍ന്നു ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തിയിരുന്നു







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :