രേണുക വേണു|
Last Modified വെള്ളി, 10 ജനുവരി 2025 (08:39 IST)
Boby Chemmanur: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ബോബിയുടെ അഭിഭാഷകന് ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയില്‍ പോയാലേ ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ളൂവെന്ന് മനസിലാക്കിയ അഭിഭാഷകന് ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
എറണാകുളം ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ ഇപ്പോള്‍ ഉള്ളത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജഡ്ജി എ.അഭിരാമിയാണ് ബോബിയെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ അനുവദിച്ചത്. കേസിനെ തുടക്കം മുതല്‍ വളരെ ലാഘവത്തോടെയാണ് ബോബി ചെമ്മണ്ണൂര്‍ കണ്ടത്. അറസ്റ്റ് ചെയ്യാനുള്ള വകുപ്പൊന്നും ഇല്ലെന്നായിരുന്നു കേസെടുത്തതിനു പിന്നാലെ ബോബി പ്രതികരിച്ചത്. അറസ്റ്റ് ചെയ്ത ശേഷവും ഉടന്‍ പുറത്തിറങ്ങാന്‍ കഴിയുമെന്ന് ബോബി പ്രതീക്ഷിച്ചിരുന്നു.
ഒരു രാത്രി മുഴുവന്‍ ബോബിക്ക് പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നു. അപ്പോഴും റിമാന്‍ഡ് അനുവദിക്കുമെന്നും ജയിലിലേക്ക് പോകേണ്ടി വരുമെന്നും ബോബി ഒട്ടും പ്രതീക്ഷിച്ചില്ല. 14 ദിവസത്തെ റിമാന്‍ഡ് അനുവദിച്ചതോടെ ബോബി അസ്വസ്ഥനാകാന്‍ തുടങ്ങി. വിധി കേട്ട ബോബി ചെമ്മണ്ണൂരിന് രക്തസമ്മര്‍ദ്ദം ഉയരുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്തു.
ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ ജയിലിലേക്ക് വിടില്ലെന്നായിരുന്നു ബോബിയുടെ അഭിഭാഷകന് കരുതിയത്. എന്നാല്‍ എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ബോബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റിയത്.
ബോബിക്കെതിരായ പൊലീസ് റിപ്പോര്‍ട്ടാണ് റിമാന്‍ഡ് അനുവദിക്കാന്‍ പ്രധാന കാരണം. അനുമതിയില്ലാതെ നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കോടതി മുഖവിലയ്ക്കെടുത്തു. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി.