നിഹാരിക കെ.എസ്|
Last Modified വ്യാഴം, 9 ജനുവരി 2025 (17:10 IST)
നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതുമായി ബന്ധപ്പെട്ടുളള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കുറിപ്പുമായി നടി റിമ കല്ലിങ്കൽ. തങ്ങൾക്ക് ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടാം, ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടണ്ട എന്നാണ് റിമ പറയുന്നത്.
”പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്” എന്നാണ് റിമ കല്ലിങ്കലിന്റെ കുറിപ്പ്.
ബോബി ചെമ്മണ്ണൂരിനെതിരെ പ്രതികരിച്ചതിന് പിന്നാലെ ഹണി റോസിനതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. നടിയുടെ വസ്ത്രധാരണം അടക്കം പരാമർശിച്ചായിരുന്നു ആക്ഷേപം ഉയർന്നത്. പിന്നാലെ സൈബർ ആക്രമണം നടത്തിയവർക്കെതിരെയും ഹണി പരാതി നൽകുകയും ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഒപ്പം, യൂട്യൂബിൽ തന്റെ ചിത്രം വച്ച് മോശം തമ്പ്‌നെയിലോട് കൂടി വീഡിയോ പോസ്റ്റ് ചെയ്ത 20 പേർക്കെതിരെയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്.