ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജനുവരി 2025 (14:53 IST)
കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ പരിഗണിക്കുന്നത് ചൊവാഴ്ചത്തേക്ക് മാറ്റി. സർക്കാരിന് മറുപടി പറയാൻ സമയം നൽകണമെന്ന് പറഞ്ഞാണ് കോടതി കേസ് മാറ്റിവെച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു.

അതേസമയം പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ജാമ്യഹർജിയിൽ ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. നടി ഹണിറോസിൻ്റെ പരാതിയിൽ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ മേൽക്കോടതിയെ സമീപിക്കാനാവാതെ ആദ്യ ദിനം കാക്കനാട് ജയിലിൽ ബോബി ചെമ്മണ്ണൂരിന് കഴിയേണ്ടി വന്നിരുന്നു. 5 റിമാൻഡ് പ്രതികൾ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. ഇന്ന് രാവിലെ ഡോക്ടർ ബോബിയെ പരിശോധിച്ചു. ഇന്നലെ രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കോടതി മുറിയിൽ ബോബി തളർന്നു വീണിരുന്നു.തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :