മോദി സ്‌നേഹത്തില്‍ ഇടതും പോയി വലതും പോയി; അബ്ദുള്ളക്കുട്ടി ഇനി ബിജെപിയിലേക്ക് ?

  ps sreedharan pillai , ap abullakutty , bjp , congress , ബിജെപി , കോണ്‍ഗ്രസ് , പിഎസ്  ശ്രീധരന്‍പിള്ള , നരേന്ദ്ര മോദി
കോഴിക്കോട്| Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (20:01 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയതിന്റെ പേരില്‍ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മുൻ എംപിയും എംഎൽഎയുമായ എപി അബ്ദുള്ളക്കുട്ടിക്ക് പിന്തുണ്ണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്
ശ്രീധരന്‍പിള്ള.

യഥാര്‍ഥ വികസന നായകന്‍ നരേന്ദ്ര മോദിയാണെന്ന് തുറന്നുപറഞ്ഞ അബ്ദുള്ളക്കുട്ടിയുടെ ധൈര്യം പ്രോത്സഹനമര്‍ഹിക്കുന്നു. മോദിയാണ് വികസനനായകനെന്ന് അംഗീകരിക്കുന്ന നിരവധിപേര്‍ യുഡിഎഫിലും എല്‍ഡിഎഫിലുമുണ്ട്. എന്നാല്‍ ഭയംകൊണ്ടാണ് അവര്‍ ഇക്കാര്യം പുറത്തുപറയാത്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ബിജെപിയില്‍ സാധാരണ അംഗത്വമെടുക്കാന്‍ ആര്‍ക്കും തടസങ്ങളില്ല. ബിജെപിയില്‍ ചേരാന്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയെ സമീപിച്ചതായി അറിയില്ല. അതിനാല്‍ പാര്‍ട്ടിയില്‍ ഈ വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ല.

ഇനിയുള്ള നാളുകളില്‍ കൂടുതല്‍പേര്‍ നരേന്ദ്രമോദിയെ പിന്തുണച്ച് രംഗത്തുവരും. യഥാര്‍ഥ വികസനം മോദിയിലൂടെ മാത്രമേ നടക്കൂവെന്ന് എല്ലാവര്‍ക്കുമറിയാം. അബ്ദുള്ളക്കുട്ടി രണ്ട് മുന്നണികളിലും പ്രവര്‍ത്തിച്ചയാളാണ്. രണ്ടും കള്ളനാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം മോദിയെ പ്രശംസിച്ച് രംഗത്തെത്തിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റിനെ തുടർന്ന് അബ്‌ദുള്ളകുട്ടിയോട് കെപിസിസി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ നൽകിയ വിശദീകരണം പരാഹാസ രൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

പാർട്ടിയുടെ അന്തസിനെയും അച്ചടക്കത്തെയും ബാധിക്കുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവന നടത്തുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
പാർട്ടിയുടേയും പ്രവർത്തകരുടേയും പൊതുവികാരത്തിനും താൽപര്യങ്ങൾക്കുമെതിരായി പ്രസ്‌താവനകളിറക്കിയും പ്രവർത്തിച്ചും വരുന്നതാണ് നടപടിക്കു കാരണമെന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കി കൊണ്ടുള്ള കോൺഗ്രസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ള കുട്ടിയുടെ പോസ്റ്റ്. മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :