ശിവന്‍‌കുട്ടിയുടെ വീട്ടില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം തെറ്റ്; പൂട്ടിയ ബാറുകള്‍ തുറന്നു തരുമെന്ന് കോടിയേരി ഒരിക്കലും പറഞ്ഞിട്ടില്ല, ശിവകുമാറിനും പണം നല്‍കിയിട്ടുണ്ട്- ബിജു രമേശ്

  വി ശിവന്‍‌കുട്ടി എംഎല്‍എ , ബിജു രമേശ് , കോടിയേരി , കെ ബാബു , ബാര്‍ കോഴ കേസ്
തിരുവനന്തപുരം| jibin| Last Modified ശനി, 23 ജനുവരി 2016 (16:48 IST)
എക്സൈസ് മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് കെ ബാബു നടത്തിയ പ്രസ്‌താവനകളെ തള്ളി ബിജു രമേശ് രംഗത്ത്. വി ശിവന്‍‌കുട്ടി എംഎല്‍എയുടെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടന്നുവെന്ന ബാബുവിന്റെ പ്രസ്‌താവന തെറ്റാണ്. അത്തരത്തിലൊരു ചര്‍ച്ചകളും നടന്നിട്ടില്ല. പൂട്ടിയ ബാറുകള്‍ തുറന്നു തരുമെന്ന് കോടിയേരി പറയുകയോ ഉറപ്പ് തരുകയോ ചെയ്‌തിട്ടില്ലെന്നും ബാബു പറഞ്ഞു.

ബാര്‍ കോഴയിലെ വസ്‌തുതകള്‍ മാത്രമാണ് കോടിയേരിയുമായി പങ്കിട്ടത്. ഇതൊരു ഗൂഢാലോചന അല്ലായിരുന്നു. ബാബു പണം വാങ്ങിയെന്ന് പറയാന്‍ സിപിഎം നേതാക്കളോ കോടിയേരിയോ പറഞ്ഞിട്ടില്ല. സത്യസന്ധമായ തെളിവുകള്‍ മാത്രമാണ് ഇവരോട് പറഞ്ഞതും ചര്‍ച്ച ചെയ്‌തതെന്നും ബിജു രമേശ് പറഞ്ഞു.

കെ എം മാണിക്കും ബാബുവിനുമെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണുണ്ടായത്. ദേവസ്വം മന്ത്രി ശിവകുമാറിനും പണം നല്‍കിയിട്ടുണ്ട്. ബാബുവിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഈ ഇടപാട് നത്തിയത്. എന്നാല്‍, ഇതിനുള്ള ശക്തമായ തെളിവുകള്‍ തന്റെ പക്കലില്ല. ബാബുവിനെതിരെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്യുമെന്നും ബിജു രമേശ് പറഞ്ഞു.

ബാബുവിനെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ചതോടെ തന്റെ ബിസിനസുകള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഹോട്ടലുകളില്‍ വിവിധ വകുപ്പുകള്‍ പലതവണ പരിശേധനകള്‍ നടത്തുകയും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രേഖകള്‍ ആവശ്യപ്പെടുകയുമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കില്ല. എന്നാല്‍, കൃത്യമായ സമയത്ത് അവ പുറത്ത് വിടുക തന്നെ ചെയ്യുമെന്നും ബിജു രമേശ് പറഞ്ഞു.

ശിവന്‍‌കുട്ടി എം എല്‍ എയുടെ വീട്ടില്‍‌വച്ചാണ് ബാര്‍ മുതലാളിമാരും കോടിയേരിയും ഗൂഢാലോചന നടത്തിയെന്നാണ് ബാബു ആരോപിക്കുന്നത്. ഡിസംബര്‍ 15ന് ഏഴുമണിക്കായിരുന്നു ആ ഗൂഢാലോചന. ആ സമയത്തെ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഞാന്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ല. എനിക്കെതിരെ ഒരു എഫ് ഐ ആറും ഇട്ടിട്ടില്ലെന്നും ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോടതിവിധിയുടെ വിശദാംശങ്ങള്‍ പോലും ഞാന്‍ പരിശോധിച്ചിട്ടില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇപ്പോള്‍ രാജി വയ്ക്കുന്നത്. എനിക്കെതിരെ ഗുരുതരമായ എന്തെങ്കിലും പരാമര്‍ശം കോടതിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ സാങ്കേതികത്വം പറഞ്ഞ് ഞാന്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. കോടതിവിധിയെപ്പറ്റി ഇപ്പോഴൊന്നും പറയുന്നില്ല. എങ്കിലും അസാധാരണമായ ഒരു വിധിയാണിത് - കെ ബാബു പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :