ബാര്‍ കോഴ ഡെമോക്ലസിന്റെ വാളായി; കലങ്ങിമറിഞ്ഞ് യുഡി‌എഫ്

ബാര്‍ കോഴ, യുഡി‌എഫ്, ബിജു രമേശ്, കെ‌എം മാണി
തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 19 ജനുവരി 2015 (15:27 IST)
ബാര്‍ കോഴക്കേസില്‍ ബിജു രമേശ് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടതോടെ യുഡി‌എഫ് രാഷ്ട്രീയം കലങ്ങിമറിയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കോണ്‍ഗ്രസിനും യുഡി‌എഫിനേയും പിടിച്ചുലയ്ക്കുന്ന കോഴവിവാദം എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ സര്‍ക്കാര്‍ വിഷമിക്കുകയാണ്. സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയപ്രകാരം പൂട്ടിയ 418 ബാറുകള്‍ തുറക്കാനായി ധനമന്ത്രി കെ‌എം മാണി ഒരുകോടി രൂപ കോഴവാങ്ങിയതായി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.

അന്‍പത് വര്‍ഷത്തോളം അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വമെന്ന പ്രതിഛായ നിലനിര്‍ത്തിയ കെ‌എം മാണി എന്ന രാഷ്ട്രീയക്കാരന്‍ കനത്ത അടിയായിരുന്നു ബാര്‍ കോഴ വിവാദം. തുടക്കത്തില്‍ എല്ലാം നിഷേധിച്ചെങ്കിലും ക്രമേണെ വാദഗതികള്‍ ദുര്‍ബലമാക്കുന്ന മാണിയെയാണ് കേരളം പിന്നീട് കണ്ടത്. പാര്‍ട്ടിയും അണികളും മാണിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ആരോപണമുന്നയിച്ച സമയത്ത് ബിജുവിന് പിന്നില്‍ നിന്ന മറ്റ് ബാറുടമകള്‍ കൂറുമാറുന്നതും കേരളം കണ്ടു. ഇതോടെ ബിജു രമേശ് കള്ളം പറയുന്നു എന്ന് സംശയിച്ചു നില്‍ക്കുന്നതിനിടെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും ബിജു വിജിലന്‍സിന് മൊഴി നല്‍കുന്നതും.

എന്നാല്‍ മൊഴിനല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറി നടന്ന മറ്റ് ബാറുടമകള്‍ പിന്നീട് മാണിയെ വെള്ളപൂശുന്ന മൊഴിനല്‍കിയതൊടെ ഒറ്റപ്പെട്ട ബിജുരമേശ് കൂടുതല്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരായ മൊഴി തിരുത്താന്‍ മന്ത്രി പിജെ ജോസഫും ജോസ്‌ കെ.മാണി എം.പിയും സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ച ബിജു രമേശ്
അന്വേഷണ സംഘത്തിനു രഹസ്യമായി നല്‍കിയ മൊഴിപ്പകര്‍പ്പുകള്‍ രാഷ്‌ട്രീയക്കാരുടെ കൈവശമെത്തുന്നതായും ഈ പകര്‍പ്പുകള്‍ വച്ചാണ് പിജെ ജോസഫ് മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചതെന്നും ആരോപിച്ചതോടെ ആറിത്തണുത്തെന്ന് കരുതിയ ബാര്‍ കോഴ വീണ്ടും ജീവന്‍ വച്ചു.

ബാറുകള്‍ തുറക്കാന്‍ കോഴ നല്‍കിയതിനു പിന്നാലെ മാണിയും കൂട്ടരും ബാറുകള്‍ തുറക്കാതിരിക്കാന്‍ ഒരു വിഭാഗം ബാറുടമകളില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നും ബിജു വെളിപ്പെടുത്തിയതോടെ കേരളം ഞെട്ടി. ഇതിനു സാധുത നല്‍കുന്ന എറണാകുളത്തെ ബാറുടമ അനിമോന്റെ ശബ്ദരേഖ ബിജു വിജിലന്‍സിനു നല്‍കി. കൂടാതെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് സംഭാഷണങ്ങളില്‍ ചിലത് നല്‍കുകയും ചെയ്തതോടെയാണ് ബാര്‍വിഷയത്തില്‍ അവിഹിതമായി പലതും നടന്നു എന്ന് ബോധ്യമായത്.

എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നപ്പോള്‍ കേരളം പി‌സി ജോര്‍ജിന്റെ നിലപാടിലെ പൊള്ളത്തരം കണ്ടാണ് ഞെട്ടിയത്. തെളിവുകള്‍ ഹാജരാക്കണം എന്ന് ബിജു രമേശിനെ ചാനലുകളില്‍ പരസ്യമായി വെല്ലുവിളിച്ച പിസി ജോര്‍ജ്ജും ഫോണ്‍ സംഭാഷത്തില്‍ ബിജു രമേശിനോട് പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. നേരിട്ടൊന്ന് കാണണം എന്നാണ് ജോര്‍ജ്ജ് ആവശ്യപ്പെട്ടത്. പ്രത്യക്ഷത്തില്‍ മാണിസാറിനൊപ്പം ആയിരിക്കുമെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്. വേട്ടക്കാരനും ഇരയ്ക്കൊപ്പവും ഒരുമിച്ച് ഓടുന്ന പി‌സിജോര്‍ജിനെ കണ്ട് ഞെട്ടിയ കേരളം ബാലകൃഷണപിള്ളയുടെ ആരോപണങ്ങളുടെ ചൂടില്‍ വിയര്‍ത്തു.

മാണിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ള ആരോപിച്ചത്. സ്വര്‍ണക്കടക്കാരില്‍ നിന്ന് മാണി 19 കോടി കോഴ വാങ്ങി. നെല്ല് സംഭരണത്തിന്റെ പേരില്‍ മില്‍ ഉടകളില്‍ നിന്ന് മാണി 2 കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ വന്നതോടെ ഇത്രയും കാലം മാണി കെട്ടിപ്പൊക്കിയ പ്രതിഛായ ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കേരളം അവിശ്വസനീയതയൊടെ കണ്ടത്. ബാറിന്റെ പേരില്‍ പണം പിരിക്കുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നതായും ബാലകൃഷ്ണ പിള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
2014 നവംബര്‍ 1, 2 ദിവസങ്ങളില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ബിജു രമേശ് പുറത്ത് വിട്ടിരിക്കുന്നത്.

യുഡിഎഫില്‍ ബാര്‍വിഷയം തണുത്തതിനുപിന്നാലെ ശനിയാഴ്‌ചത്തെ കെപിസിസി നിര്‍വാഹകസമിതിയും ബാര്‍വിഷയത്തിന്‌ ഔദ്യോഗിക അവസാനം പ്രഖ്യാപിച്ചിരുന്നു. ബാര്‍ മുതലാളിമാരും കോണ്‍ഗ്രസ്‌ നേതൃത്വവും തമ്മിലുള്ള അന്തര്‍നാടകങ്ങളിലൂടെ ഏറെക്കുറെ ഒത്തുതീര്‍പ്പായ ബാര്‍കോഴയാണ്‌ ബിജു രമേശിന്റെ രണ്ടുംകല്‍പിച്ചുള്ള നീക്കവുമായി ചൂടുപിടിച്ചിരിക്കുന്നത്‌. പറഞ്ഞ വിവരങ്ങള്‍ മാറ്റിപ്പറയുന്ന പ്രശ്‌നമില്ലെന്നും കേസ്‌ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബിജു രമേശ്‌ പറഞ്ഞു. ഇനി കേസില്‍ സി‌ബി‌ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജുവും കോടതിയെ സമീപിക്കുമെന്നാണ് സൂചന.

അടുത്തിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇനി തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ യുഡി‌എഫിന്റെ നില പരുങ്ങലിലാകും. പ്രതിപക്ഷത്തിന് മികച്ച ആയുധമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതിനേക്കാളും മേലെ കെ എം മാണിയുടെ രാഷ്ട്രീയ ഭാവിയും അതോടൊപ്പം കേരള കോണ്‍ഗ്രസ് ( എം) ന്റെയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നത്. താമസിയാതെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് ബിജു വ്യക്തമാക്കിയിട്ടുണ്ട്. ഇതു കൂടി കഴിയുമ്പോള്‍ മന്ത്രിസഭ തന്നെ നിലം‌പൊത്തിയേക്കാം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :