തൃശൂര്‍|
jibin|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (10:30 IST)
കോണ്‍ഗ്രസ് പ്രവര്ത്തകന് എസി ഹനീഫയുടെ കൊലപാതകത്തിനെ തുടര്‍ന്നുണ്ടായ ഗ്രൂപ്പ് വഴക്കവസാനിപ്പാക്കാന് തയാറായി ഐ ഗ്രൂപ്പ്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി സിഎന്‍ ബാലകൃഷ്ണനും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു തീരുമാനം. ഗ്രൂപ്പിനതീതമായി പ്രശ്നം പരിഹരിക്കാൻ ചർച്ചയിൽ ധാരണയായി. അക്രമം തുടർന്നാൽ ശക്തമായി നേരിടാനും തീരുമാനമായി. ഇതോടെ ഈ മാസം 16 നു തുടങ്ങുന്ന കെപിസിസിയുടെ വികസന ജാഥയുമായി ഐ ഗ്രൂപ്പ് സഹകരിക്കുമെന്ന് ഉറപ്പായി.
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസി ഹനീഫയുടെ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് ഐ ഗ്രൂപ്പ് പിന്മാറിയത്. കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റ് ഗോപപ്രതാപനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കെപിസിസി സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ നിന്നും സിഎന്‍ ബാലകൃഷ്ണന് കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് എ, ഐ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എസി ഹനീഫ
കൊല്ലല്ലപ്പെട്ടത്. എ ഗ്രൂപ്പ് നേതാവാണ് ഹനീഫ. ഐ ഗ്രൂപ്പുകാരാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. മാസങ്ങളായി ഇരു ഗ്രൂപ്പുകളും തമ്മില്‍ തുടരുന്ന ഗ്രൂപ്പ് വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷമീറും ഗോപപ്രതാപനും ഒത്തുള്ള ചിത്രങ്ങളും, ഷമീര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടത് പ്രതാപന്റെ വാഹനത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ ഐ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.