കളമശ്ശേരി പീഡനം: ആറു പ്രതികളും കുറ്റക്കാര്‍; നാലു പേര്‍ക്ക് ജീവപര്യന്തം

കളമശ്ശേരിയില്‍ തമിഴ് യുവതിയെ പീഡിപ്പിച്ച നാലു പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി| priyanka| Last Modified തിങ്കള്‍, 18 ജൂലൈ 2016 (14:29 IST)
കളമശ്ശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി.

കേസില്‍ ആദ്യ നാലു പ്രതികള്‍ ജീവപര്യന്തം തടവും 55,000 രൂപ പിഴയും അടക്കണം. മറ്റ് രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. കളമശ്ശേരി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട് പി അതുല്‍ എടത്തല മാളിയംപടി കൊല്ലാറവീട്ടില്‍ അനീഷ്(29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ്(മനു 22), കങ്ങരപ്പടി വടക്കോട് മുണ്ടക്കല്‍ നിയാമസ്(30) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ആഞ്ചാം പ്രതിയും പട്ടിമറ്റം പഴന്തോട്ടം കുറപ്പശ്ശേരി കെവി ബിനീഷ്(33), ആറാം പ്രതിയും ബിനീഷിന്റെ ഭാര്യയുമായ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്മിന്‍(36) എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് ഈടാക്കിയ തുക പീഡനത്തിന് ഇരയായ യുവതിയ്ക്ക് നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതിന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

2014 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ ജോലിക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി കളമശ്ശേരി സൈബര്‍ സിറ്റിയിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയെ കെട്ടിയിട്ട ശേഷമായിരുന്നു യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിന് ശേഷം യുവതിയുടെ മൊബൈല്‍ഫോണും ആഭരണങ്ങളും സംഘം കൈക്കലാക്കിയിരുന്നു. യുവതിയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തുകയും പീഡന വിവരം പുറത്തറിയിച്ചാല്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :