ലോക ചിത്രജാലകത്തിന് ഇരുപത് വയസ്സ്

സാന്‍‌ജോസ്| WEBDUNIA|
PRO
PRO
ഗ്രാഫിക്സ് സാങ്കേതികലോകത്തെ ഏറ്റവും വലിയ കണ്ടുപിടിത്തം ഏതെന്ന് ചോദിച്ചാല്‍ ഒരേ ഒരു ഉത്തരമേ ഉണ്ടാകൂ... അതെ, ഫോട്ടോഷോപ്പ്. വിരൂപികളെ സുന്ദരികളാക്കിയ, മരുഭൂമിയെ ഹരിതഭൂമിയാക്കിയ, കുടിലുകളെ മണിമാളികകളാക്കിയ, ലോകത്തിന്റെ ചിത്രജാലകമെന്ന് അറിയപ്പെടുന്ന ഫോട്ടോഷോപ്പിന് ഇരുപത് വര്‍ഷം തികയുകയാ‍ണ്.

സാങ്കേതിക ലോകത്തിന് ഒഴിച്ചുക്കൂടാനാവാത്ത അഡോബിന്റെ ഗ്രാഫിക്സ് സോഫ്റ്റ്വയറുകള്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. ലോക ചിത്രജാലകത്തിന് ഇരുപത് തികയുമ്പോള്‍ ആഗോള ഫോട്ടോഷോപ്പ് ആരാധകര്‍ ആഘോഷത്തിലാണ്. സിനിമ, ത്രീഡി, പരസ്യം, ഓണ്‍ലൈന്‍ തുടങ്ങീ ഏത് മേഖലയെടുത്താലും ഫോട്ടോഷോപ്പിന്റെ സ്വാധീനം പ്രകടമാകും. കോടികള്‍ വാരിക്കൂട്ടുന്ന ഹോളിവുഡ് സിനിമകള്‍ക്ക് പിന്നില്‍ അഡോബിന്റെ ഫോട്ടാഷോപ്പാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും അവസാനമായി പുറത്തിറക്കിയ അവതാര്‍ സിനിമയില്‍ പോലും ഫോട്ടോഷോ‍പ്പിന്റെ സ്വാധീനം അങ്ങേയറ്റമാണ്.

അമേരിക്കയിലെ നാഷണല്‍ അസോഷിയേഷന്‍ ഓഫ് ഫോട്ടോഷോപ്പ് പ്രൊഫഷണലുകള്‍ ഫോട്ടോഷോപ്പിന്റെ ഇരുപത് വര്‍ഷം ആഘോഷിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലെ ഫൈന്‍ ആര്‍ട്സ് തിയേറ്ററില്‍ ഒത്തുച്ചേര്‍ന്നാണ് ഫോട്ടോഷോപ്പിന്റെ ഇരുപതാം പിറന്നാള്‍ ആഘോഷിച്ചത്. അഡോബ് കമ്പനിയുടെ മേധാവികളും പ്രമുഖ ഗ്രാഫിക്സ് വിദഗ്ധരുമൊക്കെ ചടങ്ങില്‍ പങ്കെടുത്തു.
PRO
PRO


ജപ്പാനിലും ദക്ഷിണേഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ഫോട്ടോഷോപ്പിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ഗ്രാഫിക്സ് മത്സരങ്ങളും വിവിധ ചടങ്ങുകളും നടത്തിയാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. ഇരുപതാം പിറാന്നാളിനോടനുബന്ധിച്ച് ഫോട്ടോഷോപ്പിന്റെ ജനനം മുതല്‍ ഇന്നേവരെയുള്ള എല്ലാം നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും ബ്ലോഗുകളിലും ഫോട്ടോഷോപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഫേസ്ബുക്കില്‍ നാലു ലക്ഷത്തോളം ഫോട്ടോഷോപ്പ് ആരാധകരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുപതാം പിറന്നാളിനോടനുബന്ധിച്ച് ഫോട്ടോഷോപ്പ് പുതിയ ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. അഡോബിന്റെ മേല്‍നോട്ടത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രത്യേകം പേജുകളും തുടങ്ങി കഴിഞ്ഞു.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഫോട്ടോഷോപ്പ് ഗ്രാഫിക്സ് മേഖലയ്ക്ക് നല്‍കിയത് വലിയൊരു സംഭാവനയാണ്. ആധുനിക സമൂഹത്തില്‍ ഡിജിറ്റല്‍ വിസ്വല്‍ സംസ്കാരം കൊണ്ടുവന്നത് ഫോട്ടോഷോപ്പാണ്. സൌന്ദര്യമില്ലാത്തതും വ്യക്തമല്ലാത്തതും മനുഷ്യ കണ്ണുകള്‍ക്ക് നവ്യാനുഭവമാക്കി മാറ്റി. ഫോട്ടോഷോപ്പിന്റെ മായാജാലങ്ങള്‍ക്ക് മുന്നില്‍ ഗ്രാഫിക്സ് ലോകം തലകുനിച്ചു നിന്നു. സാങ്കേതിക ലോകത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇന്ന് ഫോട്ടോഷോപ്പ് അറിയാം. ഫോട്ടോഷോപ്പിന്റെ പൂര്‍ണ സാധ്യതകള്‍ ഇപ്പോഴും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗ്രാഫിക്സ് വിദഗ്ധരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാന്‍ കഴിവുള്ള ഏക ഗ്രാഫിക് സോഫ്റ്റ്വയര്‍ ഫോട്ടോഷോപ്പ് തന്നെയായിരിക്കും.

ലോകത്ത് എവിടെയെല്ലാം മാഗസിനുകളും പ്രസിദ്ധീകരണങ്ങളും ഇറങ്ങുന്നുണ്ടോ അവിടെയല്ലാം ഫോട്ടോഷോപ്പുണ്ട്. ടെവിഷന്‍, സിനിമ മേഖലകളില്‍ ഫോട്ടോഷോപ്പിന്റെ സ്വാധീനം വ്യക്തമാണ്. രാവിലെ കോഫി കുടിക്കുന്ന കപ്പിലെ ചിത്രങ്ങള്‍ മുതല്‍ ഹോളിവുഡ് സ്ക്രീനില്‍ വരെ ഫോട്ടോഷോപ്പിന്റെ മാജിക് നിറഞ്ഞുനില്‍ക്കുകയാണ്.

ഗ്രാഫിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 90 ശതമാനം പേരും ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നവരാണ്. ഗ്രാഫിക്സ് ഡിസൈനര്‍മാര്‍ക്ക് പുറമെ എഞ്ചിനീയര്‍മാര്‍, കരകൌശല നിര്‍മ്മാതാക്കള്‍, ഡോക്ടര്‍മാര്‍, പരസ്യ കമ്പനികള്‍ എല്ലാം ഫോട്ടോഷോപ്പിന്റെ സഹായം തേടുന്നവരാണ്. എന്തിന്, കേസ് തെളിയിക്കുന്നതിന് വേണ്ടി നിയമവിദഗ്ധര്‍ പോലും ഫോട്ടോഷോപ്പ് സേവനം തേടുന്നുണ്ട്.

1987 വര്‍ഷത്തിലാണ് ഫോട്ടോഷോപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ബ്ലാക്ക് വൈറ്റ് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനായുള്ള സോഫ്റ്റ്വയര്‍ നിര്‍മ്മിക്കാനാണ് തോമസ് നോള്‍ എന്ന സാങ്കേതിക വിദഗ്ധന്‍ ആദ്യം ശ്രമിച്ചത്. പരീക്ഷണങ്ങള്‍ വിജയിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സഹോദരന്‍ ജോണ്‍ നോളിനെയും കൂടെ കൂട്ടി. ഇവരുടെ പുതിയ സോഫ്റ്റ്വയറിന് പുറത്തിറക്കാനുള്ള അവകാശം ലഭിച്ചത് 1988ലാണ്. പിന്നീട് 1989 വര്‍ഷത്തില്‍ അഡോബ് എന്ന പേരില്‍ കമ്പനിയും തുടങ്ങി. എന്നാല്‍, അഡോബിന്റെ ആദ്യ ഔദ്യോഗിക ഉല്‍പ്പന്നം അഡോബ് ഫോട്ടോഷോപ്പ് 1.0 1990ലാണ് പുറത്തിറങ്ങുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ഉല്‍പ്പന്നം പുറത്തിറക്കുമ്പോള്‍ അഡോബ് മേധാവികള്‍ പ്രതീക്ഷിച്ചിരുന്നത് മാസത്തില്‍ 500 കോപ്പികള്‍ വിറ്റുപോകുമെന്നാണ്. എന്നാല്‍, ഇന്ന് ദിവസവും ആയിരക്കണക്കിന് സോഫ്റ്റ്വയറുകളാണ് അഡോബ് വില്‍പ്പന നടത്തുന്നത്.

1990ല്‍ പുറത്തിറങ്ങിയ ഫോട്ടോഷോപ്പ് പതിപ്പ് ഓരോ വര്‍ഷവും മാറ്റങ്ങള്‍ക്ക് വിധേയമാക്കി. ദശലക്ഷക്കണക്കിന് ഗ്രാഫിക്സ് വിദഗ്ധര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉയര്‍ന്നു വന്നു. ഫോട്ടോഷോപ്പ് മൂന്നാം പതിപ്പോടെയാണ് ലെയര്‍ സംവിധാനം വരുന്നത്. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് ആവശ്യമായ മിക്ക ടൂളുകളും മൂന്നാം പതിപ്പോടെയാണ് വന്നത്. എന്നാല്‍, ഫോട്ടോഷോപ്പ് 7.0 പതിപ്പാണ് വിപണിയില്‍ വന്‍ വിപ്ലവം നടത്തിയത്. ഗ്രാഫിക്സ് മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷിയുമായാണ് ഏഴാം പതിപ്പെത്തിയത്. പിന്നീട് നിരവധി പതിപ്പുകള്‍ പുറത്തിറങ്ങി.
PRO
PRO


കഴിഞ്ഞ ഇരുപത് വര്‍ഷമായി ഉപയോക്താക്കളുമായി നല്ല ബന്ധമാണ് ഫോട്ടോഷോപ്പിനുള്ളത്. ഉപയോക്താക്കളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉടനടി മറുപടി നല്‍കാനായി ഫോറങ്ങളും ബ്ലോഗുകളും എപ്പോഴും സജീവമാണ്. ഫോട്ടോഷോപ്പ് സി എസ് 4, ഫോട്ടോഷോപ്പ് സി എസ്4 എക്സ്റ്റന്‍ഡഡ് സോഫ്റ്റ്വയറുകള്‍ അഡോബിന്റെ ഏറ്റവും ജനപ്രീതി നേടിയ ഉല്‍പ്പന്നങ്ങളായിരുന്നു.

അതെ, ഫോട്ടോപ്പിന് പകരം നില്‍ക്കാന്‍ ഫോട്ടോഷോപ്പ് മാത്രമെയുള്ളൂ. കമ്പ്യൂട്ടറില്‍ അല്‍‌പ ജ്ഞാനമുള്ള ഉപയോക്താക്കള്‍ മുതല്‍ ഡിജിറ്റല്‍ സാങ്കേതിക വിദഗ്ധര്‍ വരെ ഇഷ്ടപ്പെടുന്ന ഏക സോഫ്റ്റ്വയര്‍ ഫോട്ടോഷോപ്പ് മാത്രമാണ്. ഉപയോഗിക്കാനും മനസ്സിലാക്കാനും ഏറെ സൌകര്യമുള്ള ഫോട്ടോഷോപ്പിന് ഭീഷണി സൃഷ്ടിക്കാന്‍ സാങ്കേതിക ലോകത്ത് ഇന്നേവരെ ആരും ഉയര്‍ന്നു വന്നിട്ടില്ല. ഈ ഫോട്ടോഷോപ്പിന് പിന്നില്‍ മലായളികളുടെ കരങ്ങള്‍ കൂടി ഉണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :