ആദ്യ ത്രീഡി ചാനലുമായി സ്കൈ

ലണ്ടന്‍| WEBDUNIA|
കാല്പന്തുകളിയും ക്രിക്കറ്റുമെല്ലാം ഇനി ത്രിമാന ചാനലുകളിലൂടെ കാണാം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ തത്സമയം പ്രക്ഷേപണം ചെയ്യാനായി ബ്രിട്ടണിലെ ആദ്യ ത്രീഡി ചാനല്‍ തയ്യാറായി കഴിഞ്ഞു. ടെലിവിഷന്‍ പ്രക്ഷേപണ മേഖലയിലെ പ്രമുഖ ശൃംഖലയായ സ്കൈയാണ് ആദ്യ ത്രീഡി ചാനലിന് തുടക്കമിട്ടിരിക്കുന്നത്. ബ്രിട്ടണിലെ ഒമ്പത് കേന്ദ്രങ്ങളിലായിരിക്കും ത്രീഡി ചാനലിന്റെ പരീക്ഷണ പ്രക്ഷേപണം നടക്കുക.

ആഴ്സണലലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടക്കുന്ന മത്സരം ത്രീഡി സംവിധാനം ഉപയോഗിച്ച് പ്രക്ഷേപണം ചെയ്യും. ലണ്ടന്‍, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, എഡിംഗ്ബര്‍ഗ് എന്നിവിടങ്ങളിലെല്ലാം ത്രീഡി ചാനല്‍ ലഭ്യമാകും. ഏപ്രിലിലോടു കൂടി ത്രീഡി ചാനല്‍ പ്രക്ഷേപണം നൂറോളം കേന്ദ്രങ്ങളില്‍ കൂടി ലഭ്യമാക്കുമെന്ന് സ്കൈ അറിയിച്ചു.

ഈ വര്‍ഷം അവസാനത്തോടു കൂടി സ്കൈ ത്രീഡിയുടെ പൂര്‍ണ സേവനം ലഭ്യമാക്കും. സ്കൈ പ്ലസ് എച്ച് ഡി ഉപഭോക്താക്കള്‍ക്കെല്ലാം പുതിയ ത്രിമാന ചാനല്‍ ലഭിക്കും. സിനിമ, കായികം, ഡോക്യുമെന്ററികള്‍, വിനോദപരിപാടികള്‍ എന്നിവയെല്ലാം ത്രീഡി ചാനലില്‍ പ്രക്ഷേപണം ചെയ്യുമെന്ന് സ്കൈ അധികൃതര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ത്രീഡി ക്യാമറയില്‍ പകര്‍ത്താന്‍ ഫിഫയ്ക്കും പദ്ധതിയുണ്ട്. ഇത് ആദ്യമായാണ് ലോകകപ്പ് ഫുട്ബോള്‍ ത്രീഡി ക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്നത്. ടൂര്‍ണമെന്‍റിലെ ഇരുപത്തഞ്ചില്‍ കുറയാത്ത മത്സരങ്ങള്‍ ത്രീഡി ക്യാമറയില്‍ പകര്‍ത്തിയേക്കുമെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു.

പദ്ധതിയുടെ പരീക്ഷണാര്‍ഥം ലോകത്തിലെ തെരഞ്ഞെടുത്ത ഏഴു നഗരങ്ങളില്‍ ഫുബോള്‍ ത്രീഡി വീഡിയോ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഇത്തരത്തില്‍ പകര്‍ത്തുന്ന മത്സരങ്ങളുടെ വീഡിയോകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും. ലോകകപ്പിലെ ത്രീഡി സംവിധാനത്തിനായി സോണിയുടെ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക.

നിലവിലെ ഭൂരിഭാഗം ത്രീഡി വീഡിയോ ചിത്രീകരണങ്ങളും രണ്ട് ക്യാമറകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. പ്രേക്ഷകന്‍റെ ഇരുകണ്ണുകളെയും ലക്‍ഷ്യമിട്ടാണ് രണ്ട് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോ കാണമെങ്കില്‍ പ്രത്യേക കണ്ണടകള്‍ ഉപയോഗിക്കണം. എന്തായാലും, ഈ സേവനങ്ങളെല്ലാം നല്‍കുന്ന ത്രീഡി ക്യാമറ അടുത്തിടെ ജപ്പാനില്‍ പുറത്തിറങ്ങിയിരുന്നു. ഏക ലെന്‍സ് ഉപയോഗിച്ചാണ് ഈ ക്യാമറ പ്രവര്‍ത്തിക്കുന്നത്. അതെ, ഇനി ത്രീഡി ചാനലുകളുടെ കാലഘട്ടമായിരിക്കുമെന്ന് കരുതാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :