ചൈനയില്‍ അവതാര്‍ പ്രദര്‍ശിപ്പിക്കില്ല!

WEBDUNIA|
PRO
ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരില്‍ നിന്നുള്ള പ്രശംസയേറ്റുവാങ്ങി എക്കാലത്തെയും വലിയ ഹിറ്റിലേക്ക് കുതിക്കുന്ന ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന സിനിമയ്ക്ക് ചൈനയില്‍ നിരോധനം. അവതാറിലെ ഗ്രാഫിക്സ് രംഗങ്ങളും ത്രിഡി സാങ്കേതികതയും ചൈനയിലെ പ്രേക്ഷകരെ ഭയപ്പെടുത്തുന്നു എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കണ്ടുപിടുത്തം!

ഇന്ത്യയില്‍ അടക്കമുള്ള രാജ്യങ്ങളില്‍ അവതാര്‍ റിലീസ് ചെയ്തപ്പോള്‍ ചൈനയടക്കം 6 രാജ്യങ്ങളില്‍ ഈ ഇറങ്ങിയില്ല. ജനുവരി മൂന്നാമത്തെ ആഴ്ചയാണ് അവതാര്‍ ചൈനയില്‍ റിലീസ് ചെയ്തത്. ചൈനയിലെ പ്രേക്ഷകര്‍ ഈ സിനിമ നെഞ്ചിലേറ്റുകയും ആദ്യത്തെ ആഴ്ചയില്‍ തന്നെ അവതാര്‍ 160 മില്യണ്‍ ഡോളര്‍ കളക്‌റ്റുചെയ്യുകയും ചെയ്തു. സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.

പണ്ടോറ എന്ന മായികലോകത്തിലെ മൃഗങ്ങളുടെ ദൃശ്യങ്ങള്‍ ചൈനക്കാരെ ഭയപ്പെടുത്തുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ ത്രിഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ ഭയന്ന് നിലവിളിക്കുകയാണെത്രെ! പ്രേക്ഷകരെ പേടിപ്പിക്കുന്ന അവതാര്‍ ഉടന്‍ തീയേറ്ററുകളില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

എന്നാല്‍ സിനിമയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത് രാഷ്ട്രീയകാരണങ്ങളാല്‍ ആണെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ആര്‍ത്തി പിടിച്ച മനുഷ്യരില്‍ നിന്ന് തങ്ങളുടെ സംസ്കാരവും ജീവനും മണ്ണും തിരിച്ച് പിടിക്കാന്‍ പണ്ടോറയിലെ നാവികള്‍ നടത്തുന്ന പോരാട്ടമാണ് അവതാര്‍ എന്ന സിനിമയിലെ പ്രമേയം. പണ്ടോറയിലെ നാവികള്‍ അനുഭവിക്കുന്നതിന് സമാനമായ അവസ്ഥയാണ് ചൈനയിലെ പല പ്രവിശ്യകളിലും ചൈനാക്കാര്‍ അനുഭവിക്കുന്നതെത്രെ.

സര്‍ക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയകളും മള്‍‌ട്ടീനാഷണല്‍ കമ്പനികളും വ്യവസായ സംരംഭകരും ചേര്‍ന്ന് ഗ്രാമങ്ങളെ വരിഞ്ഞുമുറുക്കി നാട്ടുകാരുടെ സ്വത്തും മണ്ണും സംസ്കാരവും തട്ടിയെടുക്കുകയാണെത്രെ. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നാട്ടുകാരെ കുരുതികൊടുക്കുകയാണ് ചൈനീസ് സര്‍ക്കാരെന്ന് ആരോപണങ്ങളുണ്ട്. ഈ അവസ്ഥയില്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താന്‍ അവതാറിന് കഴിയുമെന്ന കണ്ടെത്തലാണ് അവതാറിന്റെ നിരോധനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :