പൃഥ്വിരാജും ജോണ്‍ ബ്രിട്ടാസും തമ്മില്‍ നടന്ന അഭിമുഖ സംഭാഷണം ഈയടുത്ത ദിവസമാണ് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്തത്. അഭിമുഖകലയില്‍ ഒരുപാട് കാലത്തെ പരിചയമുള്ള ജോണ്‍ ബ്രിട്ടാസും യംഗ് സൂപ്പര്‍സ്റ്റാറായ പൃഥ്വിരാജും തമ്മില്‍ നടന്ന ഈ അഭിമുഖ സംഭാഷണം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ഇല്ലാതാകുന്ന കാലമാണ് താന്‍ സ്വപ്നം കാണുന്നതെന്നും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ‘ചെറുപ്പക്കാരുടെ വേഷം’ ചെയ്യുന്നത് നിര്‍ത്തണമെന്നുമൊക്കെ പൃഥ്വിരാജ് പറഞ്ഞത് ചര്‍ച്ചാവിഷയം ആകുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അഭിമുഖത്തില്‍ നിന്നുള്ള ചില ‘ഡയലോഗുകള്‍’ ചേര്‍ത്ത് നല്ലൊരു തമാശപ്പടം ഒരുക്കി, യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് പൃഥ്വിരാജിനൊരു ‘പണി’ കൊടുത്തിരിക്കുകയാണ് ഏതോ ഒരു വിരുതന്‍. ‘പൃഥ്വിരാജപ്പന്‍’ (Prithvirajappan) എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ സാക്ഷാല്‍ പൃഥ്വിരാജ് പോലും ചിരിച്ചുപോകും!
‘എന്നോട് ചോദിക്കുന്ന ഒരു ചോദ്യത്തിനും ‘അയ്യോ എനിക്ക് അറിയില്ല’ എന്ന് ഞാന്‍ മറുപടി പറയില്ല, വ്യക്തമായി മറുപടികള്‍ പ്രതീക്ഷിക്കാം’ എന്ന് പറയുന്ന പൃഥ്വിരാജിനോട് ‘എനിക്ക് ഒന്നൊന്നര ചോദ്യമുണ്ട്’ എന്ന് തിരിച്ചടിക്കുന്ന മോഹന്‍ലാലിന്റെ സീനോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. ഏഷ്യാനെറ്റിന്റെ ഈ ഷോയില്‍ പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും പങ്കെടുത്തിരുന്നു. ‘സൌത്ത് ഇന്ത്യന്‍ സിനിമയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു ഹീറോ പൃഥ്വിയാണ്’ എന്ന് സുപ്രിയ തകര്‍ത്തടിക്കുന്ന രംഗമാണ് തുടര്‍ന്ന് വരുന്നത്. ‘ആരാണ് മറ്റ് നായകര്‍ക്കൊന്നും ഇംഗ്ലീഷ് അറിയില്ല എന്ന് നിന്നോട് പറഞ്ഞത്?’ എന്ന ചോദ്യത്തോടെ മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്, കമലാഹാസന്‍, സൂര്യ, അജിത് എന്നീ നായക നടന്മാര്‍ മണിമണിപോലെ ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ ക്ലിപ്പുകള്‍ തുടര്‍ന്ന് സീനില്‍ നിറയുന്നു.
‘കല്യാണം കഴിക്കാത്തത് കൊണ്ടാണ് ഞാന്‍ ഇതുവരെ മലയാള സിനിമയില്‍ പിടിച്ചുനിന്നത് എന്ന് പറയരുത്. ഒന്നുമില്ലെങ്കിലും എനിക്ക് ഒരു പ്രാവശ്യം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതല്ലേ’ എന്ന് ജോണ്‍ ബ്രിട്ടാസിനോട് പൃഥ്വിരാജ് ചോദിക്കുന്നതിന് തൊട്ടുപിന്നാലെ ‘കഴിഞ്ഞവര്‍ഷം മികച്ച നടനുള്ള അവാര്‍ഡുകിട്ടാന്‍ 25 ലക്ഷം കളഞ്ഞതാ’ എന്ന് ശ്രീനിവാസനെ പറ്റി (ഉദയനാണ് താരം എന്ന സിനിമ) മുകേഷിനോട് ജഗതി ശ്രീകുമാര്‍ പറയുന്ന സീന്‍ ചേര്‍ത്തിരിക്കുന്നു. താന്‍ ഒരു പുതിയ മൂവ്‌മെന്റിന്റെ ഭാഗമാണെന്നാണ് അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത്. ഈ മൂവ്‌മെന്റില്‍ തന്റെ കൂടെ പുതിയ എഴുത്തുകാരും നടീനടന്മാരും സംവിധായകരും ഒക്കെ ഉണ്ടെന്ന് പൃഥ്വി കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ഉടനെ ‘സില്‍സിലാ’ ഹരിശങ്കറിനെയും ‘കൃഷ്ണനും രാധയും’ ഫെയിം സന്തോഷ് പണ്ഡിറ്റിനെയും കാണിക്കുന്നു!
മെഗാസ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ ചിലരെ വിശേഷിപ്പിക്കുന്നതിനോട് തനിക്ക് യാതൊരു തരത്തിലും യോജിക്കാനാകുന്നില്ല എന്ന് പറയുന്ന പൃഥ്വിയെ ഈ വീഡിയോയില്‍ കാണാം. എന്നാല്‍ പൃഥ്വിയുടെ പടുകൂറ്റന്‍ കട്ടൌട്ടുകള്‍ വച്ച് ആര്‍ത്തുവിളിക്കുന്ന ആരാധകരെയാണ് അടുത്ത സീനില്‍ ചേര്‍ത്തിരിക്കുന്നത്. ഇതുപോലെ ഒരുപാട് നര്‍മമുഹൂര്‍ത്തങ്ങള്‍ ഒരുക്കി മികച്ചൊരു തമാശക്ലിപ്പ് സൃഷ്ടിക്കാന്‍ ‘പൃഥ്വിരാജപ്പന്‍’ ചെയ്ത വിരുതന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായി അഭിനയിച്ച ‘ബെസ്റ്റ് ആക്‌ടര്‍’ എന്ന സിനിമയില്‍ ലാല്‍ പറയുന്ന ‘ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍’ എന്ന ഡയലോഗ് ഇടക്കിടെ വീഡിയോയില്‍ ആവര്‍ത്തിക്കുമ്പോള്‍ ആരുടെ ചുണ്ടിലും ഒരു ചിരി പൊട്ടിവിടരും. ബച്ചുവിവേക് എന്ന യൂസര്‍ ജൂണ്‍ 18-നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇയാള്‍ തന്നെയാണോ ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല. വീഡിയോയില്‍ ഉടനീളം ‘വിവേക് കെജി’ എന്ന് വാട്ടര്‍മാര്‍ക്ക് കാണാനുണ്ട്.