ഉറുമിക്ക് പിന്നാലെ സീനിയേഴ്സ്, മാണിക്യക്കല്ല് നെറ്റില്‍!

ശോഭാ ജോണി

തിരുവനന്തപുരം| WEBDUNIA|
PRO
പൊലീസും താരങ്ങളും വിതരണക്കാരും നിര്‍മ്മാതാക്കളും ഒത്തുപിടിച്ചാലൊന്നും സിനിമയിലെ പൈറസി അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന് നൂറുശതമാനം ഉറപ്പ്. പൃഥ്വിരാജും അമ്മ മല്ലികാ സുകുമാരനും ‘ഉറുമി നെറ്റിലിട്ടവനെ അറസ്റ്റുചെയ്ത് നഷ്ടപരിഹാരം വാങ്ങിച്ചുതരണം’ കാഹളം മുഴക്കിക്കൊണ്ട് പൊലീസിനെ സമീപിച്ചത് ഈയടുത്ത ദിവസം ആയിരുന്നുവെങ്കില്‍ ഉറുമിക്ക് ശേഷം പൃഥ്വിരാജ് അഭിനയിച്ച മാണിക്ക്യക്കല്ല്, സിറ്റി ഓഫ് ഗോഡ്സ് എന്നീ ചിത്രങ്ങളും നെറ്റില്‍ സുലഭമാണ് എന്നത് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍! മാണിക്യക്കല്ല് മാത്രമല്ല, സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ സീനിയേഴ്സും നെറ്റില്‍ ലഭ്യം. ഈ മൂന്ന് ചിത്രങ്ങളും തീയേറ്ററില്‍ നിന്ന് ഷൂട്ട് ചെയ്തിട്ടുള്ളതാണെന്ന് വ്യക്തം.

ഉറുമിക്കെതിരെ പൃഥ്വിരാജിന്റെ പടയോട്ടം മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ മിക്ക ‘ലോക്കല്‍’ പൈറസി സൈറ്റുകളും ഉറുമി നീക്കം ചെയ്തിരുന്നു. ഇത് കണ്ട് ‘താടിയുള്ള അപ്പനെ പേടിയുണ്ട്’ എന്ന് പറയാന്‍ തുടങ്ങിയതായിരുന്നു സിനിമാലോകം. അപ്പോളതാ മലയാളീസ് ഡോട്ട് വെബ്സ് ഡോട്ട് കോം എന്ന സൈറ്റിന് വേണ്ടി യുവി മധു വിജയന്‍ എന്നൊരാള്‍ ‘ഇമുറു’ എന്ന പേരില്‍ യൂട്യൂബില്‍ തന്നെ ഉറുമി റിലീസ് ചെയ്തുകളഞ്ഞു. യൂട്യൂബ് സ്റ്റാറ്റി പ്രകാരം പതിനായിരക്കണക്കിന് സിനിമാപ്രേമികള്‍ ‘ഇമുറു’ കണ്ടുകഴിഞ്ഞു. പൃഥ്വിരാജും മല്ലികയും യൂട്യൂബിന് പരാതി നല്‍‌കിയിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടായാലും ഇല്ലെങ്കിലും ഒരുമാസക്കാലമായി ഈ സിനിമ യൂട്യൂബില്‍ ലഭ്യമാണ്.

ആരെന്ത് ചെയ്താലും പൈറസി നിര്‍ത്താന്‍ പറ്റില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെന്ന് മനസിലാകാത്തത് ഇത്തിരിവട്ടത്തില്‍ കിടന്ന് കറങ്ങുന്ന മലയാള സിനിമാ ലോകത്തിന് മാത്രമാണെന്ന് തോന്നുന്നു. മഹാകോടികള്‍ മുടക്കി വാള്‍‌ട്ട് ഡിസ്നി എടുത്ത ‘പൈരേറ്റ്സ് ഓഫ് കരീബിയന്‍’ എന്ന സിനിമയുടെ നാലാം ഭാഗം റിലീസ് ആയി മണിക്കൂറുകള്‍ക്ക് മുമ്പേ നെറ്റില്‍ എത്തിയിരുന്നു. മലയാളത്തിന്റെ കാര്യം കണക്കിലെടുക്കുമ്പോള്‍ റിലീസ് ആയി ഒരാഴ്ചയെങ്കിലും കഴിഞ്ഞേ സിനിമകള്‍ നെറ്റില്‍ എത്താറുള്ളൂ. അത്രയെങ്കിലും സമയം ഹാക്കര്‍മാര്‍ മലയാളത്തിനായി അനുവദിച്ചിട്ടുണ്ട് എന്നതുതന്നെ വലിയ കാര്യം.

സിനിമകളുടെ ടോറന്റ് ലിങ്കുകള്‍ നല്‍‌കുന്ന ‘പൈരേറ്റ്സ്‌ബൈ ഡോട്ട് കോം’ എന്ന വെബ്സൈറ്റില്‍ ഇതെഴുതുന്ന ലേഖിക ഒന്ന് കയറിനോക്കി. ഇപ്പോള്‍ ഇറങ്ങിയ ഏതാണ്ടെല്ലാ മലയാള സിനിമകളുടെയും കാം (തീയേറ്ററില്‍ നിന്ന് ക്യാമറ വച്ച് ഷൂട്ട് ചെയ്യുന്ന) പതിപ്പുകള്‍ അതിലുണ്ട്. മാണിക്യക്കല്ലിന് തന്നെയാണ് ആവശ്യക്കാര്‍ ഏറെ. ഒരു സമയത്ത് ആയിരത്തോളം ആളുകള്‍ ഈ സിനിമ ഡൌണ്‍ലോഡ് ചെയ്യുന്നുണ്ട്. തൊട്ടുതാഴെ പയ്യന്‍സ് എന്ന സിനിമയാണ്. പിന്നാലെ ചൈനാടൌണ്‍, മൊഹബ്ബത്ത്, സീനിയേഴ്സ്, ആഗസ്ത് 15, സിറ്റി ഓഫ് ഗോഡ്, ഡബിള്‍‌സ്, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ സിനിമകളും ലഭ്യമാണ്.

‘പൈരേറ്റ്സ്‌ബൈ ഡോട്ട് കോം’, ‘ഐ‌എസ്‌ഒ‌ഹണ്ട് ഡോട്ട് കോം’ തുടങ്ങിയ വിദേശ വെബ്സൈറ്റുകള്‍ ഏറ്റവും പുതിയ മലയാളം സിനിമകള്‍ ഇറക്കാനുള്ള ലിങ്കുകള്‍ നല്‍കുമ്പോള്‍ നമ്മുടെ പ്രാദേശിക പൊലീസിന് എതെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഈ സൈറ്റുകളൊക്കെയും ഇന്ത്യന്‍ നിയമത്തിന് പരിധിക്ക് പുറത്താകാനാണ് സാധ്യത. ഈ സൈറ്റുകള്‍ നിരോധിക്കാന്‍ നമുക്ക് കഴിയും എന്നാല്‍ മറ്റേതെങ്കിലും സൈറ്റുകളില്‍ ഈ ലിങ്കുകള്‍ നല്‍‌കിക്കൊണ്ട് വിരുതന്മാര്‍ ‘പണി’ തരികയും ചെയ്യും.

പൈറസിക്കെതിരെ അന്തര്‍ദ്ദേശീയ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് സിനിമാലോകവും പൊലീസും ചെയ്യേണ്ടത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന വിദേശ തീയേറ്ററുകളില്‍ നിന്ന് സിനിമയുടെ കാം പതിപ്പ് എടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതൊന്നും ചെയ്യാതെ, ‘നെറ്റില്‍ നിന്ന് സിനിമ കാണുന്നവരെ കയ്യോടെ പിടിക്കും’ എന്നൊക്കെ പറയുന്നത് അല്‍‌പം കടന്ന കയ്യല്ലേ എന്ന് പൈറസി സെല്‍ ആലോചിക്കേണ്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :