2023 Tech Roundup:ചാറ്റ് ജിപിടിയും കടന്ന് ഗൂഗിള്‍ ജെമിനൈ എ ഐ വരെ, 2023ലെ ടെക് ലോകത്തെ കുതിപ്പ് അമ്പരപ്പിക്കുന്നത്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2023 (18:57 IST)
2022 നവംബര്‍ മാസത്തിലാണ് ചാറ്റ് ജിപിടി എന്ന നിമിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഓപ്പണ്‍ എ ഐ പുറത്തിറക്കുന്നത്. ഗൂഗിളില്‍ നമുക്ക് സെര്‍ച്ച് റിസള്‍ട്ടുകളാണ് ലഭിക്കുന്നതെങ്കില്‍ നമ്മള്‍ ചോദിക്കുന്ന എന്ത് ചോദ്യത്തിനും ഉത്തരം നമുക്ക് മുന്നില്‍ നേരിട്ട് നല്‍കുന്നതായിരുന്നു ചാറ്റ് ജിപിടി മുന്നോട്ട് വെച്ച മോഡല്‍. ഒരു പ്രൊജക്ട് തയ്യാറാക്കി നല്‍കാനോ, ഒഫീഷ്യല്‍ ലെറ്റര്‍ എഴുതുവാനോ ചാറ്റ് ജിപിടിയോട് ഒന്ന് പറയുകയെ വേണ്ടു എന്ന സ്ഥിതിയാണ് ഇതോടെയുണ്ടായത്. ജിപിടി 3 എന്ന ഈ മോഡല്‍ വളരെ വേഗമാണ് ലോകമെങ്ങും സ്വീകാര്യത നേടിയത്.

ചാറ്റ് ജിപിടി വലിയ തോതില്‍ സ്വീകാര്യത നേടിയെങ്കിലും പലപ്പോഴും തെറ്റായ ഉത്തരങ്ങള്‍ നല്‍കുന്നതും മറ്റും അതിന്റെ പോരായ്മയായി മുന്നില്‍ വന്നു. എങ്കിലും പ്രോഗ്രാമുകള്‍ പോലും എഴുതിനല്‍കാന്‍ പാകത്തില്‍ ചാറ്റ് ജിപിടി വളര്‍ന്നതോടെ തൊഴില്‍ മേഖലയില്‍ വലിയ ആശങ്കകളാണ് ഈ ടെക്‌നോളജി സൃഷ്ടിച്ചത്. നിര്‍മിത ബുദ്ധി തൊഴിലവസരങ്ങള്‍ തകര്‍ക്കുമെന്നും ഇന്ന് കാണുന്ന പല തൊഴിലുകളും ആളുകള്‍ക്ക് നഷ്ടപ്പെടുത്തുമെന്ന ആശങ്ക വളരെ പെട്ടെന്ന് തന്നെ സത്യമാകാന്‍ തുടങ്ങി. 2023 ജനുവരിയായപ്പോഴേക്കും 100 മില്യണ്‍ യൂസര്‍മാരാണ് ചാറ്റ് ജിപിടിക്കുണ്ടായത്.

ഈ വമ്പന്‍ സ്വീകാര്യതയെ തുടര്‍ന്ന് ഒട്ടെറെ ആശങ്കകളാണ് പിന്നിടുണ്ടായത്. ടെക് ലോകത്തെ പല പ്രമുഖരും തന്നെ ചാറ്റ് ജിപിടിയെ പോലുള്ള ടെക്‌നോളജി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ചാറ്റ് ജിപിടിയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളിലേക്ക് ഓപ്പണ്‍ എ ഐയും ചാറ്റ് ജിപിടിക്ക് എതിരാളിയെ സൃഷ്ടിക്കാന്‍ മറ്റ് ടെക് വമ്പന്മാരും രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് മെയ് 2023ന് ഗൂഗിള്‍ ബാര്‍ഡെന്ന പുതിയ എ ഐ സൃഷ്ടിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചാറ്റ് ജിപിടിയുടെ നാലാം വേര്‍ഷന്‍ ഓപ്പണ്‍ എ ഐയും പുറത്തിറക്കി.

ഇപ്പോഴിതാ ചാറ്റ് ജിപിടി 4ന്റെ കഴിവികള്‍ക്ക് മുകളില്‍ നില്‍ക്കുന്ന ജെമിനി എ ഐ എന്ന മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. അള്‍ട്രാ,പ്രോ,നാനോ എന്നിങ്ങനെ വ്യത്യസ്ത ക്യാപ്പൈലിറ്റികളിലാണ് ഗൂഗിള്‍ ജെമിനി പുറത്തിറങ്ങിയിരിക്കുന്നത്. ടെക്സ്റ്റ്,വീഡിയോ,ശബ്ദം എന്നിങ്ങനെ ഏത് ഇന്‍പുട്ടുകളുമായും പ്രതികരിക്കുകയും ഉത്തരം നല്‍കുന്നതുമാണ് ഗൂഗിള്‍ ജെമിനി. കൂടാതെ മനുഷ്യനെ പോലെ ഇത് റീസണിംഗ്, പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക, നിഗമനങ്ങളില്‍ എത്തിച്ചേരുക തുടങ്ങി പല കാര്യങ്ങളും ചെയ്യാന്‍ ഗൂഗിള്‍ ജെമിനിക്ക് സാധിക്കും. ചാറ്റ് ജിപിടിക്ക് മുകളില്‍ കാര്യക്ഷമതയുള്ള എ ഐ ടെക്‌നോളജിയുമായി ഗൂഗിളും മത്സരത്തിനൊരുങ്ങുമ്പോള്‍ അടുത്ത് തന്നെ ഇതിന് മറുപടിയുമായി ഓപ്പണ്‍ എ ഐയും എത്തുമെന്ന് ഉറപ്പാണ്. നിര്‍മിതബുദ്ധി രംഗത്തെ ഈ കിടമത്സരം തുടങ്ങുകയാണെങ്കില്‍ 5 വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ന് കാണുന്ന ലോകം അപ്പാടെ മാറാന്‍ സാധ്യതയേറെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :