രേണുക വേണു|
Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (10:41 IST)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അവസാന ഓവറിലെ മിന്നുംപ്രകടനം കൊണ്ട് തങ്ങള്‍ക്ക് വിജയം സമ്മാനിച്ച് പേസ് ബൗളര്‍ കാര്‍ത്തിക് ത്യാഗിയെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങള്‍. ഡ്രസിങ് റൂമിലെത്തിയ കാര്‍ത്തിക് ത്യാഗിയെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ 'ബ്രെറ്റ് ലീ' എന്നാണ് വിളിച്ചത്. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ ബ്രെറ്റ് ലീ എന്ന വിശേഷണം കേട്ട് കാര്‍ത്തിക് ത്യാഗി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നത്തെ ദിവസം കാര്‍ത്തിക് ത്യാഗിയുടെ മുഖത്തുനിന്ന് ക്യാമറ തിരിക്കരുതെന്ന് രാജസ്ഥാന്‍ താരമായ ജയ്‌സ്വാള്‍ പറയുന്നതും വീഡിയോയില്‍ കാണാം.
അവസാന ഓവറില്‍ സംഭവിച്ചത്
പഞ്ചാബ് ജയം ഉറപ്പിച്ച മത്സരത്തില്‍ കാര്‍ത്തിക് ത്യാഗി അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ രാജസ്ഥാന് ഒട്ടും പ്രതീക്ഷകളുണ്ടായിരുന്നില്ല. ആറ് ബോളില്‍ നാല് റണ്‍സ് നേടിയാല്‍ പഞ്ചാബിന് ജയിക്കാം. എട്ട് വിക്കറ്റുകള്‍ ശേഷിക്കുന്നു. ഏറെ അനുഭവ സമ്പത്തുള്ള, ടി 20 സ്‌പെഷ്യലിസ്റ്റുകളായ നിക്കോളാസ് പൂറാനും ഏദന്‍ മാര്‍ക്രമും ആണ് പഞ്ചാബിനായി ക്രീസിലുള്ളത്. ഇരുവരും മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആത്മവിശ്വാസത്തോടെ പന്ത് കാര്‍ത്തിക് ത്യാഗിയെ ഏല്‍പ്പിച്ചു. അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ടത് മാര്‍ക്രം ആണ്. യോര്‍ക്കര്‍ ലെങ്ത്, ലോ ഫുള്‍ടോസ് ബോള്‍ ആയിരുന്നു അത്. മാര്‍ക്രം റണ്‍സൊന്നും എടുത്തില്ല. ഇതോടെ പഞ്ചാബിന് ജയിക്കാന്‍ വേണ്ടത് അഞ്ച് ബോളില്‍ നാല് റണ്‍സ് !
അവസാന ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്രം സിംഗിള്‍ നേടുന്നു. സ്‌ട്രൈക് നിക്കോളാസ് പൂറാനിലേക്ക്. 20-ാം ഓവറിലെ മൂന്നാം പന്തില്‍ പൂറാന്‍ പുറത്ത് ! യോര്‍ക്കര്‍ ലെങ്ത് ബോളില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ക്യാച്ച് നല്‍കി പൂറാന്‍ കൂടാരം കയറി. 22 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് പൂറാന്‍ പുറത്തായത്. ഇനി മൂന്ന് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് ജയിക്കാന്‍ വേണ്ട സാഹചര്യം.
പൂറാന്റെ വിക്കറ്റിനു ശേഷം ദീപക് ഹൂഡ ക്രീസിലേക്ക്. നിര്‍ണായക ഓവറിലെ നാലാം പന്തില്‍ ഹൂഡയ്ക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ ഹൂഡയെ കാര്‍ത്തിക് ത്യാഗി പുറത്താക്കി രാജസ്ഥാന് പ്രതീക്ഷയേകുന്നു. ഔട്ട്‌സൈഡ് ഓഫിലേക്കുള്ള പന്തിന് ബാറ്റ് വെച്ചാണ് ഹൂഡ പുറത്തായത്. എഡ്ജ് എടുത്ത് പന്ത് നേരെ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കൈകളിലേക്ക്. ഇതോടെ ഒരു പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ട മൂന്ന് റണ്‍സ് ! ഒരിഞ്ച് പോലും വ്യത്യാസമില്ലാതെ വൈഡ് ലൈനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വളരെ പെര്‍ഫക്ട് ആയ ഒരു യോര്‍ക്കര്‍ കാര്‍ത്തിക് ത്യാഗി എറിഞ്ഞു. പഞ്ചാബ് ബാറ്റ്‌സ്മാന്‍ ഫാബിയന്‍ അലന്‍ ക്രീസില്‍ നിസഹായനായി നിന്നു. അവസാന പന്തില്‍ ഒരു റണ്‍സ് പോലും നേടാന്‍ പഞ്ചാബിന് സാധിച്ചില്ല. ഒടുവില്‍ രണ്ട് റണ്‍സിന്റെ വിജയം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.