രേണുക വേണു|
Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (08:12 IST)
പഞ്ചാബ് കിങ്‌സിനെതിരെ അവിശ്വസനീയ വിജയമാണ് നേടിയതെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. അവസാന ഓവറില്‍ എട്ട് വിക്കറ്റ് ശേഷിക്കെ വെറും നാല് റണ്‍സ് മാത്രമാണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, കാര്‍ത്തിക് ത്യാഗിയെ ഉപയോഗിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു പഞ്ചാബിനെ ഞെട്ടിച്ചു.
അവസാന രണ്ട് ഓവറിലേക്ക് മുസ്തഫിസുര്‍ റഹ്മാനെയും കാര്‍ത്തിക് ത്യാഗിയെയും താന്‍ മാറ്റിവയ്ക്കുകയായിരുന്നു എന്ന് സഞ്ജു മത്സരശേഷം പറഞ്ഞു. ഇരുവരെയും താന്‍ അത്രത്തോളം വിശ്വാസത്തിലെടുത്തെന്നും രാജസ്ഥാന്‍ നായകന്‍ പറഞ്ഞു.
'തമാശ തോന്നുന്നു, വിജയിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. മുസ്തഫിസുര്‍, ത്യാഗി എന്നിവരെ അവസാന ഓവറിലേക്ക് മാറ്റിവച്ചതാണ്. എനിക്ക് അവരെ വിശ്വാസമായിരുന്നു. പോരാട്ടവീര്യവും ടീമിലുള്ള വിശ്വാസവും ഞങ്ങള്‍ അവസാനം വരെ കാത്തുസൂക്ഷിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ ബൗളര്‍മാരെ വിശ്വാസത്തിലെടുക്കുന്നു. പോരാട്ടം അവസാനം വരെ തുടരാന്‍ ആഗ്രഹിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത് 185 റണ്‍സ് എടുത്തപ്പോള്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു. തുടക്കത്തില്‍ കുറേ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ആ ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ നേരത്തെ വിജയിച്ചേനെ. എല്ലാ താരങ്ങളും നന്നായി കളിച്ചു,' സഞ്ജു സാംസണ്‍ പറഞ്ഞു.