രേണുക വേണു|
Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (12:27 IST)
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തോറ്റതില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ കെ.എല്‍.രാഹുലിന് കടുത്ത നിരാശ. മത്സരശേഷം ടീം അംഗങ്ങളോട് രാഹുല്‍ ദേഷ്യപ്പെട്ടു. വിജയം ഉറപ്പിച്ച മത്സരം അവസാന നിമിഷം കൈവിട്ടത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതായി രാഹുല്‍ പറഞ്ഞു. ടീം സ്ഥിരമായി പടിക്കല്‍ കലമുടക്കുകയാണെന്നും ഇതിനൊരു അന്ത്യം കാണണമെന്നും രാഹുല്‍ സഹതാരങ്ങളോട് സ്വരം കടുപ്പിച്ച് പറഞ്ഞു. 'നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഇങ്ങനെ കളിച്ചിട്ട് വല്ല കാര്യവുമുണ്ടോ?' രാഹുല്‍ ചോദിച്ചു.
പഞ്ചാബ് കിങ്‌സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അനില്‍ കുംബ്ലെയും ടീം അംഗങ്ങളോട് സ്വരംകടുപ്പിച്ച് സംസാരിച്ചു. കാര്‍ത്തിക് ത്യാഗി ഓഫ് സ്റ്റംപിനു പുറത്തേക്കാണ് പന്തെറിയാന്‍ പോകുന്നതെന്ന് വ്യക്തമായിരുന്നു. കാര്‍ത്തിക് ത്യാഗിയുടെ പന്ത് കൃത്യമായി നേരിടാന്‍ തങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ തയ്യാറെടുത്തില്ലെന്നും അതാണ് തിരിച്ചടിയായതെന്നും കുംബ്ലെ കുറ്റപ്പെടുത്തി. ഈ പരാജയം ദഹിക്കാന്‍ സമയമെടുക്കുമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.