മാള്‍ട്ട|
JOYS JOY|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (08:38 IST)
മെഡിറ്ററേനിയന്‍ ബോട്ട് ദുരന്തത്തില്‍ 950 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം. 28 പേരെ രക്ഷപ്പെടുത്തിയതായും 24 മൃതശരീരങ്ങള്‍ പുറത്തെടുത്തതായും ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി അറിയിച്ചു.
ഞായറാഴ്ചയാണ് മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ബോട്ടുകള്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്.
900ത്തിലേറെ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ്
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞത്. അതേസമയം, ബോട്ടില്‍ 700 പേര്‍ ഉണ്ടായിരുന്നതായാണ് നേരത്തേ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നത്.
അള്‍ജീരിയ, ഈജിപ്ത്, ബംഗ്ലാദേശ്, സോമാലിയ, നൈജീരിയ, സെനഗല്‍, മാലി, സാംബിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
അതേസമയം, ബോട്ടില്‍ ഉണ്ടായിരുന്ന 300ഓളം സ്ത്രീകളെയും കുട്ടികളെയും മനുഷ്യക്കടത്തുകാര്‍ നിര്‍ദാക്ഷിണ്യം സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ തടവില്‍ ഇട്ടിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.