പാകിസ്താനെ ചൈന റാഞ്ചും, അങ്കലാപ്പില്‍ അമേരിക്കയും ഇന്ത്യയും

ഇസ്ലാമാബാദ്| VISHNU N L| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (14:16 IST)
ഇന്നേവരെ ലഭിച്ചിട്ടൂള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കി അമേരിക്കന്‍ ചേരിയില്‍ നിന്ന് പാകിസ്താനെ അടര്‍ത്തി മാറ്റുന്നു. പാകിസ്താന് 46 ബില്യണ്‍ ഡോളര്‍ (30.6 ബില്യണ്‍ പൗണ്ട്) വരുന്ന സാമ്പത്തിക സഹായമാണ് ചൈന നല്‍കാന്‍ പോകുന്നത്. പാകിസ്താനിലെ അമേരിക്കന്‍ സ്വാധീനം കുറച്ച് അവിടെ മേധാവിത്ത്വം സ്ഥാപിക്കലാണ് ചൈനയുടെ ലക്ഷ്യം.

നിലവില്‍ പാകിസ്താനുമായി അടുത്ത ബന്ധമുള്ള പോലും ഇത്രയും വലിയ തുക സഹായം നല്‍കിയിട്ടില്ല. മാത്രമല്ല തീവ്രവാദ വിഷയത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്ന നിലപാടുകളുമായി അമേരിക്ക രംഗത്ത് വന്നത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയുട്ടുണ്ട്. ഇത് മുതലെടുക്കാനാണ് ചൈനയുടെ നീക്കം. പാകിസ്താന്‍ പര്യടനത്തിലായിരിക്കുന്ന ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്നാണ് സൂചന.

അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ചൈനയുടെ സാമ്പത്തിക സഹായം ഉണ്ടാവുക. റെയില്‍, റോഡ്, ഊര്‍ജ മേഖലയിലെ വികസനത്തിനാണ് ഫണ്ട് അനുവദിക്കുക. അടുത്ത പതിനഞ്ചു വര്‍ഷത്തേക്കാണിത്. പാകിസ്താന് ചൈന നല്‍കുന്ന ഏറ്റവും വലിയ സഹായം കൂടിയാണിത്. ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കുന്നതായിരിക്കും സഹായം. ബലൂചിസ്താനിലെ ഗ്വദാര്‍ മുതല്‍ ചൈനയുടെ സിങ്ജിയാങ് പ്രവിശ്യ വരെ ഉള്‍പ്പെടുന്നതാണ് ഈ ഇടനാഴി.

ചൈനീസ് സഹായം ഉപയോഗിച്ച് 3000 കിലോമീറ്ററോളം റെയില്‍, റോഡ് വികസനവും 15.5 ബില്യണ്‍ ഡോളറിന്റെ കല്‍ക്കരി, കാറ്റാടി, സോളര്‍, ഹൈഡ്രോ ഊര്‍ജ പദ്ധതികളും 2017 ഓടെ നിലവില്‍ വരും. 10,400 മെഗാവാട്ടിന്റെ ഊര്‍ജപദ്ധതിയാണ് ഇതോടെ പാകിസ്താന് ലഭിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല വിപുലീകരിക്കുന്നത് 44 മില്യണ്‍ ഡോളര്‍ നല്‍കും.

അതേസമയം പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നതായാണ് വിവരം. ഇത് അമേരിക്കയേയും ഇന്ത്യയേയും ഒരേപോലെ ആശങ്കയിലാക്കുന്നുണ്ട്. പാകിസ്താനിലെ യു.എസ് ഇടപെടലിന് ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് സി ജിന്‍പിങിന്റെ കൈയ്യയച്ചുള്ള സഹായമെന്ന് കരുതണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :